ആദായ വിലയിലേക്ക് നീങ്ങുകയാണോ സ്വര്‍ണം, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം താഴേക്കാണ് സ്വര്‍ണ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് കണ്ട് വിപണി ഉന്മേഷത്തിലാണ്. വാങ്ങാനെത്തുന്നവരും വില്‍ക്കാനെത്തുന്നവരും ഹാപ്പി. ഇന്ന് 480 രൂപയുടെ കുറവോടെ 65,800 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയിലുമെത്തി.
വില കുറഞ്ഞതോടെ സ്വര്‍ണ വില്‍പ്പന വോളിയം കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ചെന്നാണ് ജുവലറി രംഗത്തുള്ളവര്‍ പറയുന്നത്. അഞ്ചും പത്തും ഗ്രാം വരുന്ന സ്വര്‍ണ നാണയങ്ങളുടെ വില്‍പ്പനയാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. പിന്നീട് ജുവലറിയാക്കാന്‍ സാധിക്കുമെന്നതിനാല്‍ നാണയമായാണ് പലര്‍ക്കും താല്‍പര്യം. ഓഹരി വിപണി ഇടിവിലായതിനാല്‍ സ്വര്‍ണ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വില കുറഞ്ഞ സമയത്ത് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.
സാമ്പത്തിക സാഹചര്യങ്ങള്‍ കലുഷിതമാകുമ്പോള്‍ വില ഉയരേണ്ട രാജ്യാന്തര സ്വര്‍ണ വില ചാഞ്ചാടി കളിക്കുന്നതാണ് ആഭ്യന്തര വിപണിയിലെ സന്തോഷത്തിന് കാരണം.
എന്താണ് വില ഇടിയാന്‍ കാരണം
തിങ്കളാഴ്ച 2.40 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 2963.19 ഡോളറിലേക്ക് രാജ്യാന്തര സ്വര്‍ണ വില താഴ്ന്നിരുന്നു. നാല് ആഴ്ചയിലെ താഴ്ന്ന നിലവാരമാണിത്. കഴിഞ്ഞാഴ്ച 3167.57 നിലവാരത്തിലെത്തി സര്‍വകാല ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണ വില താഴേക്ക് പോയത്. യുഎസിന്റെ വ്യാപാര നയത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിക്കുന്നതും ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍ ആഗോള സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുകമെന്ന ഭയവും സ്വര്‍ണത്തിന്‍റെ ഡിമാൻഡ് കുറച്ചതാണ് വിലയെ ബാധിച്ചത്.
വ്യാപാര യുദ്ധത്തെ പറ്റിയുള്ള ആശങ്കകള്‍ക്ക് വ്യക്തത വരുന്നതിന് മുന്‍പ് നിക്ഷേപകര്‍ ലാഭമെടുത്തതും വിലയിടിയാന്‍ കാരണമായി. ട്രംപ് നയത്തിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയതോടെ മറ്റു നിക്ഷേപങ്ങളിലെ നഷ്ടം നികത്താന്‍ സ്വര്‍ണ നിക്ഷേപം വിറ്റഴിക്കുന്നതും വിലയെ ബാധിച്ചു. ട്രംപിന്‍റെ താരിഫിന് പിന്നാലെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കിയെങ്കിലും ധൃതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വർണത്തിനു പ്രതികൂലമാണ്.
സ്വര്‍ണ വില എങ്ങോട്ട്
താരിഫ് പ്രഖ്യാപനങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നതും വ്യാപാര യുദ്ധത്തില്‍ വ്യക്ത വന്നതിനാലും സ്വര്‍ണ വില അല്‍പം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 3,000 ഡോളറിന് മുകളിലാണ് സ്വര്‍ണ വില. ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള പലിശ നിരക്ക് സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്ന യുഎസ് ഡാറ്റയ്ക്ക് അനുസരിച്ചാകും സമീപകാലത്ത് വില ഉയരുക. ഇതിനൊപ്പം സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള വില വര്‍ധനയും സ്വര്‍ണത്തില്‍ പ്രതീക്ഷിക്കാം.
അതേസമയം, സ്വര്‍ണ വില കുറയും എന്നൊരു അഭിപ്രായം പ്രകടനം നടത്തുകയാണ് യുഎസില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധനായ ജോണ്‍ മില്‍സ്. സ്വര്‍ണ വില നിലവിലെ ഉയരത്തില്‍ നിന്നും 40 ശതമാനം ഇടിയുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. ജോണ്‍ മില്‍സിന്‍റെ വിലയിരുത്തല്‍ പ്രകാരം വരും വര്‍ഷങ്ങളില്‍ രാജ്യാന്തര സ്വര്‍ണ വില 1,820 ഡോളറിലേക്ക് താഴും.
അങ്ങനെയെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്വര്‍ണ വില 10 ഗ്രാമിന് 55,000 രൂപയിലേക്ക് എത്തും. ഇതിന് അനുസരിച്ച് 22 കാരറ്റ് ഒരു പവന് 45,000 രൂപയിലേക്ക് താഴാം.