സ്വർണ വില സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ്. വിവാഹ പർച്ചേസുകാർക്കാണ് ഈ വിലകയറ്റം പാരയാകുന്നത്. ഈ സമയത്ത് സ്വർണം വാങ്ങാൻ വില കുറഞ്ഞൊരു വിപണി യുഎഇ തന്നെയാണ്.
ഇന്ത്യയേക്കാൾ 8-9 ശതമാനം വില കുറവിൽ ദുബായിൽ നിന്നും സ്വർണം ലഭിക്കും. കുറഞ്ഞ പണിക്കൂലിയും ഇറക്കമുതിക്ക് വാറ്റ് ഇല്ലാത്തതും സ്വർണ വില കുറയ്ക്കുന്നുണ്ട്. ദുബായിൽ നിന്നും സ്വർണം കൊണ്ടുവരുന്നതിന് ഡ്യൂട്ടി അടച്ചും അല്ലാതെയുമുള്ള പരിധി അറിയാം.
എത്ര സ്വർണം കൊണ്ടുവരാം
ചെക്ക്-ഇൻ ബാഗേജ് വഴി ഡ്യൂട്ടി അടച്ച് കൊണ്ടുവരാൻ സാധിക്കുന്ന അനുവദനീയമായ പരമാവധി സ്വർണം ഒരു കിലോ സ്വർണ്ണം (1,000 ഗ്രാം) വരെയാണ്. കസ്റ്റംസ് നിയമങ്ങൾ പ്രകാരം ഒരു കിലോ കൊണ്ടുവരാൻ കുറഞ്ഞത് ആറു മാസമെങ്കിലും വിദേശത്ത് താമസിച്ചിരിക്കണം.
ഇന്ത്യൻ പാസ്പോട്ടുള്ളവർക്ക് 20 ഗ്രാം സ്വർണാഭരണം ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം. മൂല്യം 50,000 രൂപയിൽ കൂടാൻ പാടില്ല.
സ്ത്രീകളാണെങ്കിൽ 1 ലക്ഷം രൂപയിൽ കൂടാതെ 40 ഗ്രാം സ്വർണം വരെ കൊണ്ടുവരാം. ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് ഇന്ന് 90,000 രൂപ കൊടുക്കണം. ഇതുപ്രകാരം, ഡ്യൂട്ടി അടയ്ക്കാതെ പുരുഷന്മാർക്ക് അഞ്ച് ഗ്രാമും സ്ത്രീകൾക്ക് പത്തു ഗ്രാമും വരെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.
കുട്ടികളുണ്ടെങ്കിൽ 15 വയസിന് താഴെയുള്ളവർക്ക് 1 ലക്ഷം രൂപ എന്ന പരിധിക്കുള്ളിൽ പരമാവധി 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
യുഎഇയില്‍ നിന്നും നിയമപരമായിട്ടാണ് സ്വർണം വാങ്ങിയതെന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ തെളിയിക്കേണ്ടി വരും. ഇതിനായി ബില്‍ കൈവശം സൂക്ഷിക്കുക.
കസ്റ്റംസ് ഡ്യൂട്ടി
മുകളിൽ പറഞ്ഞതിലും കൂടുതൽ കൊണ്ടുവരണമെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. ഇറക്കുമതി ചെയ്യുന്ന വസ്തുവിന് ചുമത്തുന്ന മൊത്തം നികുതിയാണ് കസ്റ്റംസ് ഡ്യൂട്ടി. 6 ശതമാനം ഇറക്കുമതി നികുതിയോടൊപ്പം സെസ്സും ജിഎസ്ടും ചേർന്ന് 9 ശതമാനത്തോളം കസ്റ്റംസ് ഡ്യൂട്ടി നൽകണം.
എത്ര രൂപ ലാഭം
24 കാരറ്റ് 10 ഗ്രാം സ്വർണം വാങ്ങാൻ ഇന്ത്യയിൽ 90,000 രൂപ നൽകണം. നിലവിൽ ദുബായ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 82,000 രൂപയാണ്. സ്ത്രീകൾക്ക് ഇന്നത്തെ വിലയിൽ 10 ഗ്രാം ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. 10 ഗ്രാമിന് നികുതിയില്ലാത്തതിനാൽ 82,000 രൂപയ്ക്ക് സ്വർണം നാട്ടിലെത്തിക്കാം.
കസ്റ്റംസ് ഡ്യൂട്ടി ഇങ്ങനെ
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ആറു ശതമാനം. 10 ഗ്രാമിന്റെ വിലയായ 82,000 രൂപയ്ക്ക് 4,920 രൂപ നികുതി നൽകണം. 86,920 രൂപയോടൊപ്പം മൂന്ന് ശതമാനമാണ് ജിഎസ്ടി. 2,608 രൂപ കൂടി ചേരുന്നതോടെ നികുതി 7,527 രൂപയാകും. ഇതോടെ ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരാൻ (82,000 + 7,528) 89,528 രൂപ നൽകേണ്ടി വരും.