പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വര്‍ധനവ് ചില്ലറ വില്‍പ്പന വിലയെ ബാധിക്കില്ലെന്ന് ഓയില്‍ മന്ത്രാലയം വ്യക്തമാക്കി.
വര്‍ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വര്‍ധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്കിടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാര്‍ ലക്ഷ്യം.
2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് രാജ്യാന്തര എണ്ണ വില. ബ്രെന്‍ഡ് ഫ്യൂച്ചര്‍ ബാരലിന് 63.35 ഡോളറിലേക്ക് താഴ്ന്നു. ഒരാഴ്ചയ്ക്കിടെ 10.9 ശതമാനം ഇടിവാണ് വിലയിലുണ്ടായത്. ഇന്ത്യയില്‍ മാര്‍ച്ച് 14 നാണ് അവസാനം ഇന്ധന വില കുറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് രൂപയാണ് പെട്രോള്‍–ഡീസല്‍ വിലയിലുണ്ടായ കുറവ്.
അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കനുള്ള സാഹചര്യമാണ് എക്സൈസ് ഡ്യൂട്ടി കൂട്ടിയതിലൂടെ ഇല്ലാതായത്.