gokulam-gopalan-2

 

ഫെമ ചട്ടലംഘനത്തിൽ ഗോകുലം ഗ്രൂപ്പ് ഉടമ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലും കോഴിക്കോടും നടന്ന റെയ്ഡിന്‍റെ തുടർച്ചയാണ് ചോദ്യം ചെയ്യൽ . ഫെമ ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളില്‍ നിന്ന്  593 കോടി സമാഹരിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇതിലടക്കം വ്യക്തത തേടാനാണ് ചോദ്യം ചെയ്യൽ. 

 

ഗോകുലം ഗ്രൂപ്പ് പ്രവാസികളില്‍ നിന്ന്  വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് 593 കോടി സമാഹരിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. എമ്പുരാന്‍ സിനിമയുടെ നിര്‍മാണത്തിനടക്കം  ഈ പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിലും  ഇഡി പരിശോധന തുടങ്ങി. കോഴിക്കോടും ചെന്നൈയിലുമായി മൂന്നിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു. 

 

ഗോകുലം ചിറ്റ്സിന്‍റെ തമിഴനാട് കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ  ഒന്‍പതരയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ശനിയാഴ്ച പുലര്‍ച്ചയോടെയാണ്. റെയ്ഡിനൊപ്പം ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനെയും ഇ‍ഡി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലേക്കും വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കോടമ്പാക്കത്തെ ഓഫിസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത ഒന്നരക്കോടി രൂപ ഇഡി കണ്ടെത്തിയത്. ഇതോടൊപ്പമാണ് ഫെമ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഇഡി ശേഖരിച്ചത്. പ്രവാസികളില്‍ നിന്ന് ചിട്ടിയുടെ ഭാഗമായാണ് അഞ്ഞൂറു കോടിയിലേറെ രൂപ സമാഹരിച്ചത്. 

 

371 കോടിയിലേറെ രൂപ പണമായും 220 കോടിയിലേറെ രൂപ ചെക്കായും ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ് സമാഹരിച്ചു. ഈ തുക പ്രവാസികള്‍ക്ക് പണമായി തന്നെ കൈമാറി. ഇത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്ന് ചിട്ടിയുടെ അടവ് പണമായും കൈപ്പറ്റി. ചിട്ടിക്ക് പുറമെ സിനിമ നിര്‍മാണം അടക്കമുള്ള ഗോകുലം ഗ്രൂപ്പിന്‍റെ സാമ്പത്തികയിടപാടുകളും ഇഡി വിശദമായി പരിശോധിച്ചു. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തല്‍. 

 

സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. 2022ല്‍ ഇഡി കൊച്ചി യൂണിറ്റ് സ്വമേധയാ എടുത്ത കേസിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു റെയ്ഡും ചോദ്യം ചെയ്യലും. അന്വേഷണം ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെങ്കിലും  കനത്ത പിഴയൊടുക്കേണ്ടി വരും. 

ENGLISH SUMMARY:

The ED is questioning Gokulam Group owner Gokulam Gopalan in connection with the FEMA violation. The questioning is a continuation of the raids conducted in Chennai and Kozhikode the other day. The ED had found that Rs 593 crore was collected from expatriates in violation of FEMA rules. Rs 1.5 crore was also seized from the corporate office in Kodambakkam. The questioning is to seek clarification on this as well.