തുടര്‍ച്ചയായ രണ്ടാം ദിവസവും കൂറ്റന്‍ വര്‍ധനവുമായി സ്വര്‍ണ വില. വെള്ളിയാഴ്ച കേരളത്തില്‍ പവന് 1,480 രൂപ വര്‍ധിച്ച് 69,960 രൂപയിലെത്തി. കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 69,000 കടക്കുന്നത്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8,745 രൂപയിലേക്ക് കുതിച്ചു. ആദ്യമായാണ് ഗ്രാമിന്‍റെ വില 8,700 രൂപ കടക്കുന്നത്.
രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ 3,100 ഡോളറിലായിരുന്ന ട്രോയ് ഔണ്‍സിന്‍റെ വില ഇന്ന് രാവിലെ 3,200 കടന്നു. ഒറ്റദിവസത്തിനിടെ വിലയിലുണ്ടായ വ്യത്യാസം 100 ഡോളറിനടുത്താണ്. ഇതാണ് കേരളത്തിലെ വില വര്‍ധനവിന് കാരണം. ഇന്നലെ സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് 2160 രൂപ വര്‍ധിച്ചിരുന്നു. 68,480രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ വില. രണ്ട് ദിവസത്തിനിടെ കൂടിയത് 3640 രൂപ.
ഏപ്രില്‍ മൂന്നിന് രേഖപ്പെടുത്തിയ 3,169.99 ഡോളര്‍ എന്ന സര്‍വകാല ഉയരവും ഇന്ന് സ്വര്‍ണ വില മറികടന്നു. 3,219 ഡോളറിലാണ് ഇന്ന് വ്യാപാരം. യുഎസ്– ചൈന വ്യാപാര യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ഡിമാന്‍റ് ഉയര്‍ന്നതാണ് വിലയേറാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമെന്ന സൂചനയും യുഎസ് ഡോളര്‍ ഇടിയുന്നതും സ്വര്‍ണ വില കൂടാന്‍ കാരണമായി. യുഎസിലെ സാമ്പത്തിക സ്ഥിരതയെയും പറ്റി ആശങ്ക വര്‍ധിക്കുന്നത് യുഎസ് ഡോളറിന് ഭീഷണിയായി.
വിവിധ കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്‍റെ കരുത്ത് അളക്കുന്ന യുഎസ് ഡോളര്‍ സൂചിക 100 ന് താഴേക്ക് പോയി. ഡോളര്‍ ഇടിവ് നേരിട്ടതോടെ രൂപ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം 51 പൈസ ഉയര്‍ന്ന് 86.17 ലെത്തി.
സ്വതന്ത്ര ഏജൻസികളിലെ അംഗങ്ങളെ പുറത്താക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന് താൽക്കാലികമായി അനുമതി നൽകിയ സുപ്രീംകോടതി വിധിയോടെ യുഎസ് ഫെഡറൽ റിസർവിന്റെ സ്വതന്ത്ര പദവിയിലും ആശങ്കയുണ്ട്. ഇതും സമ്പദ്‍വ്യവസ്ഥയുടെ സ്ഥിരതയെ പറ്റിയുള്ള ആശങ്കയ്ക്ക് വഴിവെച്ചു. അതേസമയം ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ 145 ശതമാനമാക്കി ഉയർത്തിയതായി വ്യാഴാഴ്ച വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ‍് ട്രംപ് ചുമതലയേറ്റ ശേഷമുള്ള നയങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയില്‍ 21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.