കേരളത്തിലെ സ്വര്‍ണ വില കുതിക്കുമ്പോള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങുന്ന സാധാരണക്കാരന്‍റെ സ്ഥിതിയാണ് പരുങ്ങലിലാകുന്നത്. ചെറിയ തുകയിലെ വര്‍ധനവില്‍ നിന്നും മാറി ദിനംപ്രതി ആയിരത്തിന് മുകളില്‍ വില ഉയരാന്‍ തുടങ്ങിയതോടെ വലിയ വില വ്യത്യാസമാണ് സ്വര്‍ണ വിലയിലുണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ട് 4,160 രൂപയാണ് പവന് മുകളിലുണ്ടായ വില വ്യത്യാസം.
ഏപ്രില്‍ എട്ടിന് 65,800 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. ഇന്നലെ, 2160 രൂപ വര്‍ധിച്ച് 68,480രൂപയിലായിരുന്നു സ്വര്‍ണ വില. ഇതിനോടൊപ്പമാണ് വെള്ളിയാഴ്ച 1,480 രൂപ വര്‍ധിച്ച് 69,960 എന്ന പുതിയ റെക്കോര്‍ഡ്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8,745 രൂപയിലേക്കും വില കുതിച്ചു. ഇന്നത്തെ പുതിയ റെക്കോര്‍ഡ് വിലയോടെ സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള ചിലവ് 80,000 രൂപയ്ക്ക് തൊട്ടടുത്താണ്.
ജുവലറിയില്‍ നിന്നും ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വില നല്‍കണം. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.
അഞ്ച് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍, 3,498 രൂപ പണിക്കൂലിയായി നല്‍കണം. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഇതടക്കം 73,511 രൂപയാകും സ്വര്‍ണത്തിന്. ഇതിന് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി കൂടി ഈടാക്കും. ആകെ 75,716 രൂപ നല്‍കിയാലാണ് മിനിമം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുക. അഞ്ച് പവന് 3,78,580 രൂപ നല്‍കണം. അഞ്ച് ലക്ഷത്തിന് 6.60 പവന്‍ സ്വര്‍ണാഭരണം ലഭിക്കും.
പത്ത് ശതമാനം പണിക്കൂലി ഈടാക്കിയാല്‍ വില 79,319 രൂപ നല്‍കിയാലാണ് ഒരു പവന്‍ ലഭിക്കുക. അഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ശതമാനം പണിക്കൂലിയുള്ള 6 പവനും രണ്ടര ഗ്രാമും വാങ്ങാനാകും.