യുവസംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി വെഞ്ച്വര്‍ ഫണ്ടുമായി കേരള ടൂറിസം വകുപ്പ്. വിനോദസഞ്ചാരമേഖലയിലെ പുതിയ അവസരങ്ങളും, വാണിജ്യ സാധ്യതകളും ബെംഗളൂരുവില്‍ നടന്ന ബിസിനസ് ടു ബിസിനസ് മീറ്റില്‍ ചര്‍ച്ചയായി. കേരളത്തില്‍ നിന്ന് അന്‍പതോളം സംരംഭകര്‍ പങ്കെടുത്ത മീറ്റില്‍ വേനല്‍ക്കാല ടൂര്‍ പാക്കേജുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇരുപത്തിനാലാമെത്തെ ബിസിനസ് ടു ബിസിനസ് മീറ്റാണ് ബെംഗലൂരുവില്‍ നടന്നത്.കേരളത്തില്‍ നിന്ന് അന്‍പതും കര്‍ണാടകയില്‍ നിന്ന് നൂറ്റിയിരുപത്തിയെട്ടും സംരംഭകര്‍ മീറ്റില്‍ പങ്കെടുത്തു.കേരളത്തിലെത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികളില്‍ രണ്ടാം സ്ഥാനത്തുള്ളത് കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇരുപതുശതമാനം വര്‍ധനവ് ഉണ്ടായി. രണ്ടായിരത്തിപ്പതിനേഴില്‍ 9.33 ലക്ഷം സഞ്ചാരികളാണ്,കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തിയത്. യുവസംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കേരള ടൂറിസം മേഖലയില്‍ ഒരുക്കുമെന്നും, സംരംഭകര്‍ക്ക് ധനസഹായമടക്കം വിവിധ സഹായങ്ങള്‍ നല്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കേരള ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വി.എസ് അനില്‍ പറഞ്ഞു.

 

ഹോട്ടല്‍ ഉടമകള്‍, ടൂര്‍ ഒാപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത മീറ്റില്‍ അടുത്ത സീസണിലേയ്ക്കുളള വിവിധ പാക്കേജുകള്‍ പരിചയപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ടൂര്‍ പാക്കേജുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള ബ്ലോഗ് എഴുത്തുകാരെ ഒരുമിപ്പിച്ചുള്ള കേരള ബ്ലോഗ് എക്സ്പ്രസും ആരംഭിക്കും. മീറ്റില്‍ പങ്കെടുത്തവര്‍ക്ക് ദൃശവിരുന്നൊരുക്കി കേരളത്തിന്റെ തനത് കലാരൂപങ്ങളും അരങ്ങേറി.