ഭക്ഷണം ‘വായു വേഗത്തിൽ’ വീട്ടിൽ എത്തിക്കാൻ ആപ്പുമായി മുംബൈ നഗരത്തിലെ ഹോട്ടൽ ഉടമകൾ. ഹോട്ടൽ, റസ്റ്ററന്റ് ഉടമകളുടെ സംഘടനയായ ‘ആഹാർ’ ആണ് വായു (WAAYU) എന്ന പേരിൽ ഫുഡ് ഡെലിവറി ആപ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ആപ് ഡൗൺലോഡ് ചെയ്യാം.  

 

ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഈടാക്കാതെ ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന വായു എന്ന ആപ്പിന്റെ അംബാസഡറായ സുനിൽ ഷെട്ടി ഇതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.നിലവിലുള്ള ആപ്പുകൾ 30% കമ്മിഷൻ ഈടാക്കുന്നുണ്ട്. മുംബൈയിൽ മാത്രം തൽക്കാലം ലഭ്യമാകുന്ന സൗകര്യം വൈകാതെ എല്ലാ നഗരങ്ങളിലുമെത്തും. ഡെസ്ക്ടെക് ഹോറെകാ എന്ന ഐടി സ്ഥാപനം വികസിപ്പിച്ചെടുത്ത ആപ്പ് ഇന്ത്യൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഔദ്യോഗിക ആപ്പുകൂടിയാണ്.

 

ഡെലിവറി സേവനം തികച്ചും സൗജന്യമാണെന്നും നിലവിൽ മറ്റ് ഫുഡ് ഡെലിവറി സ്ഥാപനങ്ങൾ നൽകുന്നതിനേക്കാൾ 15 മുതൽ 20% വരെ വിലക്കിഴിവിൽ ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്നും സംഘടന അവകാശപ്പെടുന്നു. തങ്ങൾക്കുള്ള കമ്മിഷൻ കൂടി ചേർത്തുള്ള ഉയർന്ന വിലയാണ് മറ്റ് ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്നത്. എന്നാൽ വായു ആപ്പിൽ, ഹോട്ടലിലെ നിരക്ക് തന്നെയാണ് എല്ലാ വിഭവങ്ങൾക്കും ഈടാക്കുക. 

 

ഓൺലൈൻ ആയി പണമടയ്ക്കാനും സൗകര്യമുണ്ട്.  വേഗത്തിലുള്ള ഡെലിവറി, ശുചിത്വം, മികച്ച ഭക്ഷണ നിലവാരം എന്നിവ ഉറപ്പാക്കുകയും ചെയ്യുമെന്ന് ആഹാർ അറിയിച്ചു.

 

Suniel Shetty’s new food delivery app ‘Waayu’ to compete with Swiggy, Zomato