ഇലക്ട്രിക് ചരക്ക് വാഹന നിർമ്മാണ രംഗത്തേക്ക് കടന്ന് അശോക് ലെയ്ലാൻഡ്. രണ്ട് ടൺ വരെ ഭാരം വഹിക്കാവുന്ന രണ്ട് ഇലക്ട്രിക്, സ്മാർട്ട് വാഹനങ്ങൾ ചെന്നൈയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഇലക്ട്രിക് വിഭാഗമായ സ്വിച്ച് മൊബിലിറ്റീസാണ് വാഹനം നിർമ്മിക്കുന്നത്.
അശോക് ലെയ്ലാൻഡ് 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സഹ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റീസ് ചെന്നൈയിൽ ഇലക്ട്രിക് ചരക്ക് വാഹനങ്ങൾ അവതരിപ്പിച്ചത്. അടുത്തിടെ ആരംഭിച്ച കമ്പനി മുംബൈ ട്രാൻസ്പോർട്ട് കോർപ്പറേഷനുള്ള ഇലക്ട്രിക് ബസ്സുകളാണ്. പിന്നാലെയാണ് ചരക്ക് വാഹന രംഗത്തേക്ക് കടക്കുന്നത്. 1.7 ടൺ, 2.1 ടൺ എന്നിങ്ങനെ ഭാരം വഹിക്കാവുന്ന രണ്ടു വാഹനങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
100 കോടി നിക്ഷേപത്തിലാണ് ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിൾ നിര കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ , തങ്ങൾക്ക് കീഴിലുള്ള വാഹനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം പുതിയ വാഹനത്തിൽ ഉണ്ട്. ഫാസ്റ്റ് ചാർജിങ്ങിലൂടെ ദിവസം 300 കിലോമീറ്റർ ഓടാൻ ആകും എന്നാണ് കമ്പനിയുടെ അവകാശവാദം. ലോഞ്ചിന് മുൻപ് തന്നെ 13,000 വാഹനങ്ങൾക്ക് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഓർഡർ നൽകിയിട്ടുണ്ട്. ഹൊസൂരിലെ പ്ലാന്റിൽ നിർമ്മിക്കുന്ന വാഹനങ്ങൾ 2024 വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.