TAGS

ഷെൻഗൻ വീസാ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വീസ രണ്ട് വർഷത്തനികം യാഥാർഥ്യമാകും. ടൂറിസം മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി, ഗൾഫിലെ താമസക്കാരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മസ്കത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നൽകിയത്.

 

ഏകീകൃത ടൂറിസ്റ്റ് വീസ പ്രാബല്യത്തിലാകുന്നതോടെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വീസ മതിയാകും. യുഎഇയിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസയിലെത്തുന്ന ഒരാൾക്ക് സൗദിയും സന്ദർശിക്കണമെങ്കിൽ പ്രത്യേക പെർമിറ്റ് ആവശ്യമില്ല. ഒറ്റ വീസ ഉപയോഗിച്ച് , കാലാവധി തീരും മുൻപ് ആറ് ജിസിസി രാജ്യങ്ങളിലും സന്ദർശനം നടത്താം. ഗൾഫ് രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകീകൃത യാത്രാ റൂട്ട് ഇതിന്റെ ഭാഗമായി തയ്യാറാക്കാനും പദ്ധതിയുണ്ട്. നിശ്ചിത സമയത്തിനകം ആറ് രാജ്യങ്ങളിലെയും പ്രധാനയിടങ്ങൾ സന്ദർശിക്കാൻ വിദേശസഞ്ചാരികൾക്ക് ഇത് സഹായകമാകും. 

 

ജിസിസി രാജ്യങ്ങളിൽ ആയുള്ള 837 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പകുതിയോളം യുഎഇയിലാണ്. 399. ഗൾഫ് മേഖലയിലെ ടൂറിസവുമായി ബന്ധപ്പെട്ട 224 പരിപാടികളിൽ 73 ഉം നടക്കുന്നത് യുഎഇയിലാണ്. അതുകൊണ്ട് തന്നെ യുഎഇയിലെ ഏഴ് എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എമിറ്റേറ്റ് ടൂറിസം റൂട്ടും ആലോചനയിലാണ്.  ഇൻറർ സിറ്റി വിമാനസർവീസുകളും ഹോട്ടൽ അതിഥികളുടെ എണ്ണവും വർധിപ്പിച്ച് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കാനുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ 2030 ലെ തന്ത്രത്തിന്റെ ഭാഗമാണ് ഏകീകൃത ടൂറിസ്റ്റ് വീസ.  2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസയുടെ നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ആറ് രാജ്യങ്ങളും സന്ദർശിക്കാം.  

 

GCC approves unified tourist visa