ചിത്രത്തിന് കടപ്പാട്​| facebook.com/socialepfo

2023–24 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്കില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനത്തിലേക്കാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പലിശ നിരക്കുയര്‍ത്തിയത്. 2023 സാമ്പത്തിക വര്‍ഷത്തിലെ പലിശ 2023 മാര്‍ച്ച് വരെ 28.17 കോടി വരിക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇപിഎഫ്ഒയുടെ കണക്ക്. ഉയര്‍ന്ന പലിശ ലഭിക്കുമെന്നതിനാല്‍ തന്നെ നിക്ഷേപകര്‍ പലിശ എപ്പോള്‍ ലഭിക്കുമെന്നതില്‍ ആകാംഷയിലാണ്. ഇക്കാര്യം ഉന്നയിച്ച വരിക്കാരണ് ഇപിഎഫ്ഒയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് മറുപടി നല്‍കിയിട്ടുണ്ട്. 

 

പലിശ നിരക്ക് ക്രെഡിറ്റ് ചെയ്യുന്ന നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പലിശ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നുമാണ് ഇപിഎഫ്ഒ നല്‍കുന്ന മറുപടി. ആകെ പലിശ കൂട്ടി മുഴുവനായാണ് അനുവദിക്കുക. അതിനാല്‍ പലിശ നഷ്ടപ്പെടില്ലെന്നും മറുപടിയിലുണ്ട്. അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിലെ പലിശ 2024 മാര്‍ച്ച് വരെ 28.17 കോടി ഇപിഎഫ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തതായി ഇപിഎഫ്ഒ അറിയിച്ചു. 

 

എങ്ങനെ ഇപിഎഫ് ബാലന്‍സ് അറിയാം

 

ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ എന്നും ബാലന്‍സ് എത്രയുണ്ടെന്നും അറിയാന്‍ നാല് വഴികളുണ്ട്. ഉമാംഗ് ആപ്പിലൂടെയും  ഇപിഎഫ് ഇ–സേവാ പോര്‍ട്ടലിലൂടെയും മിസ്ഡ് കോളിലൂടെയും എസ്എംഎസ് വഴിയും വിവരമറിയാം. േകന്ദ്രസര്‍ക്കാറിന്‍റെ ഉമാംഗ് ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ആപ്പിലുള്ള ഇപിഎഫ് ഓപ്ഷന്‍ ഉപയോഗിച്ച് പാസ്ബുക്ക് വിശദാംശങ്ങള്‍ പരിശോധിക്കാം. ഇതിനായി യുണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നല്‍കി ഒടിപി വഴി ലോഗിന്‍ ചെയ്യണം. 

 

മറ്റൊരു ഓപ്ഷന്‍ ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴിയുള്ള ബാലന്‍സ് പരിശോധനയാണ്. ഇപിഎഫ്ഒ വെബ്സൈറ്റിലെ എംപ്ലോയി സെക്ഷനില്‍ 'മെമ്പര്‍ പാസ്ബുക്ക്' എന്ന ഭാഗത്താണ് ഈ ഓപ്ഷനുള്ളത്. യുഎഎന്‍, പാസ്‍വേര്‍ഡ് എന്നിവ നല്‍കിയാല്‍ പിഎഫ് പാസ്ബുക്കിലെ ലഭിക്കും. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യുഎഎൻ കമ്പനി പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.

 

ഇപിഎഫ്ഒയില്‍ യുഎഎന്‍ ലിങ്ക് ചെയ്താവരാണെങ്കില്‍ എസ്എംഎസ് വഴി പിഎഫ് ബാലന്‍സും അക്കൗണ്ട് വിവരങ്ങളും അറിയാന്‍ സാധിക്കും. UAN EPFOHO ENG എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും. ENG എന്നിടത്ത് സന്ദേശം ലഭിക്കേണ്ട ഭാഷയുടെ ആദ്യ മൂന്ന് അക്ഷരങ്ങൾ ആണ് നൽകേണ്ടത്. UAN എന്ന ഭാഗത്ത് സ്വന്തം യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകണം. ഇപിഎഫ്ഒ വരിക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ യുഎഎന്നുമായി രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ്കോള്‍ നല്‍കിയും ബാലന്‍സ് അറിയാം. 

 

8.25 Percentage Interest On EPF Investment; Did Get Last Year's Interest? How To Check