പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍‌ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള 'സെഞ്ചറി ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിരിച്ച 23 ലക്ഷം രൂപ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി. പിഎഫ് റീജിയണല്‍ കമ്മിഷണര്‍ എസ്. ഗോപാല്‍ റെഡ്ഡിയാണ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. എത്രയും വേഗം ഉത്തപ്പയെ അറസ്റ്റ് ചെയ്യണമെന്നുള്ള ഉത്തരവ് പുലകേശിനഗര്‍ പൊലീസിനാണ് നല്‍കിയിരിക്കുന്നത്. 

ഡിസംബര്‍ നാലിനാണ് വാറന്‍റ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തപ്പയും കുടുംബവും പുലകേശിനഗറിലെ വീട്ടില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വാറന്‍റ് മടങ്ങി. നിലവില്‍ കുടുംബസമേതം ഉത്തപ്പ ദുബായിലാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 27നുള്ളില്‍ ഉത്തപ്പയെ അറസ്റ്റ് ചെയ്യണമെന്നാണ് ഉത്തരവില്‍ ഉള്ളത്. 

59 രാജ്യാന്തര മല്‍സരങ്ങളിലാണ് ഉത്തപ്പ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.  54 ഏകദിനങ്ങളില്‍ നിന്നായി ഏഴ് അര്‍ധ സെഞ്ചറികളടക്കം 1183 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായി ഉത്തപ്പ കളിച്ചിട്ടുണ്ട്. 2014ല്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമിലും ഉത്തപ്പ അംഗമായിരുന്നു.

ENGLISH SUMMARY:

An arrest warrant was reportedly issued against former Indian cricketer Robin Uthappa in connection with an EPFO fraud case.