File Photo: PTI

File Photo: PTI

  • വോട്ടെണ്ണല്‍ ദിനം മാത്രം പിന്‍വലിച്ചത് 12,436 കോടി
  • സെന്‍സെക്സ് ഇടിഞ്ഞത് ആറ് ശതമാനത്തോളം
  • പ്രധാനമന്ത്രി അനധികൃത ഇടപെടല്‍ നടത്തിയെന്ന് രാഹുല്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപന ദിവസത്തില്‍ മാത്രം വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 12,436 കോടി രൂപയെന്ന് കണക്കുകള്‍. ആകെ  18,109 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ആറ് ശതമാനത്തിന്‍റെ ഇടിവാണ് സെന്‍സെക്സില്‍ ഉണ്ടായത്. വന്‍കിടക്കാര്‍ക്ക് ലാഭമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടെന്ന്  രാഹുല്‍ ആരോപിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്. 

 

എ.ഐ.സി‍.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് 30 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരുടെയും അനാവശ്യ നിക്ഷേപ ഉപദേശം വഴി ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകർച്ചയിൽ റീട്ടെയിൽ നിക്ഷേപകര്‍ക്ക്  30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണങ്ങളില്‍ പ്രധാനം. ഇതോടൊപ്പം എക്സിറ്റ് പോളിന് മുന്നോടിയായി വലിയ നിക്ഷേപം നടത്തി ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ചെലവിൽ ആയിരക്കണക്കിന് കോടി രൂപയുടെ ലാഭമെടുപ്പ് നടന്നെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു.  സംഭവത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമാണ് കോൺഗ്രസിന്റെ ആവശ്യം. 

രാഹുലിന്‍റെ ആരോപണങ്ങൾ

തിരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രി അമിത്ഷായും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനാവശ്യമായി ഓഹരി വാങ്ങാൻ നിർദ്ദേശം നൽകിയെന്നാണ് രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് മേയ് 13 -ാം തിയതി ആഭ്യന്ത്ര മന്ത്രി പറഞ്ഞത്, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങണമെന്നാണ്. മേയ് 19 ന് അതേ ചാനൽ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്, മേയ് നാലിന് ഓഹരി വിപണി റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ്. 28 ന് ഇത് ആവർത്തിക്കുന്നു. എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകൾ. 

ജൂൺ ഒന്നിന് അവസാന ഘട്ട തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം എക്‌സിറ്റ് പോൾ റിലീസ് ചെയ്യുന്നു. മൂന്നാം തിയതി ബിജെപിയുടെ വലിയ വിജയത്തിന്റെ പ്രവചനടിസ്ഥാനത്തിൽ ഓഹരി വിപണി സർവകാല ഉയരത്തിലെത്തുന്നു. നാലാം തിയതി ഫലം വന്നതോടെ ഓഹരി വിപണിയിൽ വലിയ തകർച്ച നേരിടുന്നു. ഇതിനിടയിൽ മേയ് 31 ന് വലിയ രീതിയിലുള്ള ഓഹരി ഇടപാട് നടന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. 

തൊട്ട് മുൻപുള്ള വ്യാപാര ദിവസങ്ങളിൽ നടന്നതിനേക്കാൾ രണ്ടിരട്ടി അധികം ഇടപാട് മേയ് 31ന്, എക്‌സിറ്റ് പോളിന് മുന്നോടിയായുള്ള അവസാന വ്യാപാര ദിവസത്തിൽ നടക്കുന്നു. വിദേശ നിക്ഷേപകർ അടക്കം ഈ ദിവസം വലിയ രീതിയിൽ ഓഹരികൾ വാങ്ങി, ഇതാണ് കോൺ​ഗ്രസ് വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. അതായത്, 31 ന് വലിയ രീതിയിൽ വലി നിക്ഷേപമെത്തുകയും തെറ്റായ എക്സിറ്റ് പോളിൽ വിപണി സർവകാല ഉയരത്തിലെത്തുകയും ചെയ്ത സമയത്ത് വിറ്റ് ലാഭമെടുക്കകയും ചെയ്തു എന്നാണ് കോൺ​ഗ്രസ് ആരോപണം. 

കോൺ​ഗ്രസിന്റെ ചോദ്യങ്ങൾ

എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങൾക്ക് നിക്ഷേപ ഉപദേശം നൽകുന്നതെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഇവരുടെ ജോലിയാണോ ഇത്? ഈ അഴിമതി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവോടെയാണ്. നിക്ഷേപകരോട് ഓഹരി വാങ്ങാൻ നിർദ്ദേശം നൽകിയത് ക്രിമിനൽ കുറ്റമാണ്. അതിനാൽ സംയുക്ത പാർലമെന്ററി കമ്മറ്റി അന്വേഷിക്കണം എന്നാണ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും റോളും ഫേക് എക്സിറ്റ് പോളുകാരുടെ ബന്ധം, ഇടപാട് നടത്തിയ വിദേശ നിക്ഷേപകർ ആരാണ് എന്നി വിവരങ്ങളാണ് കോൺ​ഗ്രസ് അന്വേഷിക്കാൻ ആവശ്യപ്പെടുന്നത്.  

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അഭിമുഖം വന്നത് ഒരേ ബിസിനസ് ഗ്രൂപ്പിന്റെ ചാനലിലാണ്. നേരത്തെ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയതിന് സെബിയുടെ അന്വേഷണം നേരിട്ട കമ്പനിയുടെ മാധ്യമത്തിൽ തന്നെ എന്തിന് രണ്ട് അഭിമുഖങ്ങളും നൽകി. സംശയം ജനിപ്പിക്കുന്ന വിദേശ നിക്ഷേപപകരുമായും ഫേക് എക്‌സിറ്റ് പോളുകാരുമായും എന്താണ് ബിജെപിയുടെ ബന്ധം. എക്‌സിറ്റ് പോളിന് തൊട്ട് മുൻപ്  നിക്ഷേപിച്ചവരും 5 കോടി റീട്ടെയിൽ നിക്ഷേപ കുടുംബങ്ങളുടെ ചെലവിൽ ലാഭമെടുത്തവരും ആരാണ് എന്നിങ്ങനെയാണ് കോൺ​ഗ്രസ് ഉയർത്തുന്ന ചോദ്യങ്ങൾ.

ENGLISH SUMMARY:

Foreign investors withdrew 18109 cr from share market . Rs 12436 cr pulled out on election result day. Rahul alleges corruption.