Image credit: www.mastercard.com/

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്.  സന്ദേശം സിനിമയിലെ ഈ ഡയലോഗിന് ഇനി ഒരനുബന്ധമുണ്ട് . പോളണ്ടിന്റെ സാങ്കേതിക തികവിനെ കുറിച്ച് ഇനി ഒരക്ഷരം മോശം പറഞ്ഞുപോകരുത് . കയ്യില്‍ നയാപൈസയില്ലെങ്കിലും ഒരൊറ്റനോട്ടം കൊണ്ട് പോളണ്ടില്‍ ഇനി എന്തുംവാങ്ങാം. തല്‍ക്കാലം പരീക്ഷണാടിസ്ഥാനത്തിലാണ് പരിപാടി. ജൂണ്‍ പത്തു മുതല്‍  എംപിക് സ്റ്റോറുകളിലാണ്  പുതിയ സംവിധാനം നിലവില്‍ വന്നത് . ഷോപ്പില്‍ നിന്ന് ആവശ്യമുള്ളതെല്ലാം വാങ്ങാം തുടര്‍ന്ന് ബില്‍ പേയ്മെന്‍റ് ഡെസ്കില്‍ സ്ഥാപിച്ചിട്ടുള്ള റീഡറില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി . തുക ഷോപ്പിന്റെ അക്കൗണ്ടിലെത്തും. 

മാസ്റ്റര്‍കാര്‍ഡ്, എംപിക്, പേ ഐ എന്നിവ ചേര്‍ന്നാണ് സ്റ്റോറിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനായി കണ്ണും മുഖവും  സ്കാന്‍ ചെയ്ത് പണമീടാക്കുന്നതിനുള്ള സംവിധാനം  പോളണ്ടില്‍ നടപ്പിലാക്കിയത്. 'േപ ഐ' ഫിന്‍ ടെകിക്കാണ് 'ഒറ്റനോട്ടത്തില്‍' ഷോപ്പിങ് ' സംവിധാന തയ്യാറാക്കിയത് .  

യൂറോപ്പിലെ ആദ്യ 'ബയോമെട്രിക് ചെക്ക് ഔട്ട്' പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ പത്ത് മുതലാണ് പോളണ്ടില്‍ 'നോക്കി' പണമടയ്ക്കല്‍ പ്രാബല്യത്തിലായത്. കയ്യില്‍ കാര്‍ഡോ, ഫോണോ, കറന്‍സിയോ സൂക്ഷിക്കേണ്ട എന്നതാണ് ബയോമെട്രിക് പേയ്മെന്‍റിനെ യുവാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. കൃഷ്ണമണി മാത്രമല്ല കൈ വിരലുകളോ, മുഖമോ   സ്കാന്‍ ചെയ്തും ഷോപ്പിങിന് ശേഷം  പണമടയ്ക്കാം.  കൃഷ്ണമണി സ്കാന്‍ ചെയ്തുള്ള  ഇടപാടിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വം പൂര്‍ണമായി ഉറപ്പാക്കിയിട്ടുണ്ടെന്നും   മാസ്റ്റര്‍ കാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

 ഇനി ചുമ്മാ റീഡറില്‍ നോട്ടം പതി‌ഞ്ഞാല്‍ പൈസ പോകുമെന്ന ആശങ്ക വേണ്ടെന്നും പേ ഐ സി.ഇ.ഒ വ്യക്തമാക്കുന്നു. വാഴ്സോ, വ്റോക്​ വാഫ് ബൈലനി, ക്രാകൂവ് കസീമിയേഴ്സ്, പോസ്നാനിയന്‍ പൊസ്നാനിയ, ചെലാച് എന്നീ നഗരങ്ങളിലെ എംപിക് സ്റ്റോറുകളിലാണ് നിലവില്‍ ഈ ഷോപ്പിങ് സാധ്യമാകുക. പോളണ്ടിലാകെ 350 ഓളം സ്റ്റോറുകളാണ് എംപികിനുള്ളത്. പോളണ്ടിലെ പരീക്ഷണം തുടരുന്നതിനൊപ്പം ഈ മാസം തന്നെ ലാറ്റിനമേരിക്കയിലും ഏഷ്യ– പസഫിക് രാജ്യങ്ങളിലേക്കും ബയോമെട്രിക് ഷോപിങ് ഒന്ന് പരീക്ഷിച്ച് നോക്കാനാണ് മാസ്റ്റര്‍ കാര്‍ഡിന്‍റെ തീരുമാനം.