Untitled design - 1

എയര്‍ ഇന്ത്യയ്ക്കിത് കഷ്ടകാലമാണ്. മേയില്‍ ജീവനക്കാരുടെ സമരം, അതുകാരണം യാത്രക്കാര്‍ക്കുണ്ടായ യാതനകള്‍, നിയമനടപടികള്‍ എല്ലാംകൂടി ജഗപൊഗ! എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല പ്രശ്നം. സര്‍വീസുകള്‍ വൈകുന്നതിനെയും വിമാനങ്ങളിലെ അസൗകര്യങ്ങളെയും സേവനങ്ങളിലെ നിലവാരക്കുറവിനെയുമെല്ലാം കുറിച്ച് വ്യാപക പരാതികള്‍. അതില്‍ ഏറ്റവും പുതിയതാണ് എഴുത്തുകാരന്‍ ആദിത്യ കൊണ്ടാവറുടെ അനുഭവം. ‘എയര്‍ ഇന്ത്യയെക്കാള്‍ നല്ലത് കാളവണ്ടിയില്‍ യാത്ര ചെയ്യുന്നതാണ്’ എന്നായിരുന്നു ആദിത്യയുടെ ട്വീറ്റ്.

‘അമൂല്യമായ ഒരു കാര്യം പഠിപ്പിച്ചതിന് എയര്‍ ഇന്ത്യയോട് നന്ദിയുണ്ട്. കഴിഞ്ഞ രാത്രിയിലെ അനുഭവത്തോടെ ജീവിതത്തില്‍ ഇനി മേലില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചു. നൂറുശതമാനം അധികം പണം നല്‍കേണ്ടി വന്നാലും കൃത്യനിഷ്ഠ പാലിക്കുന്ന മറ്റ് വിമാന സര്‍വീസുകളെ ആശ്രയിക്കുന്നതാണ് നല്ലത്. ഈ എയര്‍ലൈനില്‍ യാത്ര ചെയ്യേണ്ടി വരുന്നതിലും ഭേദം കാളവണ്ടിയാണ്’– ആദിത്യ കൊണ്ടാവര്‍ എക്സില്‍ കുറിച്ചു.

‘രാത്രി 09:50 ന് പുറപ്പെടേണ്ട വിമാനം ടേക്കോഫ് ചെയ്തത് അര്‍ധരാത്രി കഴിഞ്ഞ് 12:20 ന്. വിമാനത്തിനുള്ളിലാകട്ടെ തീര്‍ത്തും വൃത്തിയില്ലാത്ത സാഹചര്യം. തലേദിവസം പുലര്‍ച്ചെ 01:50ന് തുടങ്ങിയ ഓട്ടമാണ്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് വീടെത്തിയത്. ടാറ്റ ഗ്രൂപ്പിനോടും അതിന്‍റെ ഉന്നത സ്ഥാനത്തുള്ളവരോടുമെല്ലാം ബഹുമാനമുണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യണം എന്നുമാത്രമാണ് പറയാനുള്ളത്– അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ബെംഗളൂരു – പുണെ IX 974 സര്‍വീസിനെ പരാമര്‍ശിച്ചായിരുന്നു ആദിത്യ കൊണ്ടാവറിന്‍റെ കുറിപ്പ്.  ഇത് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ കാണുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. ‘വിമാനം വൈകാനുള്ള കാരണങ്ങള്‍ പലതായിരുന്നു, താങ്കള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു’. തെറ്റുതിരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.

ENGLISH SUMMARY:

"Will take a bullock cart but not your airline"; Air India Express is again in the news for the wrong reasons.