ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മര്‍മുവിനെ കണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമനും സംഘവും. ബജറ്റ് വ്യവസ്ഥകളെ സംബന്ധിച്ച് നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. തൈരും പഞ്ചാരയും അടങ്ങിയ മധുരം നല്‍കിയാണ് രാഷ്ട്രപതി മന്ത്രിസംഘത്തെ സ്വീകരിച്ചത്. ശേഷം മന്ത്രിസഭാ യോഗത്തിനായി ധനമന്ത്രി തിരിച്ചു. ധനമന്ത്രാലയത്തിലെത്തിയ ശേഷമാണ് നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതി ഭവനിലേക്ക് പോയത്. നോര്‍ത്ത് ബ്ലോക്കില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബജറ്റ് അടങ്ങിയ പൗച്ച് ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുക, 2047 ല്‍ വികസിത രാജ്യമാക്കുക തുടങ്ങി മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളില്‍ അധിഷ്ഠിതമായ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്നുവേണം പ്രതീക്ഷിക്കാന്‍.
തൊഴിലില്ലായ്മ പരിഹരിക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയവയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കര്‍ഷകരോഷം തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. നികുതിഘടനയില്‍ മാറ്റം വരുത്തുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. നികുതി സ്ലാബ് ഉയര്‍ത്തുകയോ ടാക്സ് സേവിങ് നിക്ഷേപ പരിധി വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്‍റെ ബജറ്റും ധനമന്ത്രി അവതരിപ്പിക്കും. അതേസമയം തുടര്‍ച്ചയായി എഴ് ബജറ്റ് അവതരിപ്പിക്കുക എന്ന റെക്കോഡിലാണ് നിര്‍മലാ സീതാരാമന്‍. തുടര്‍ച്ചയായി ആറ് ബജറ്റ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയെയാണ് നിര്‍മല മറികടന്നത്.