വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാത്തിരുന്ന റെയില്‍വേയെ അമ്പേ നിരാശപ്പെടുത്തി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ബജറ്റവതരണത്തിനിടയില്‍ ആകെ ഒറ്റത്തവണ മാത്രമാണ് റെയില്‍വേയുടെ പേരെങ്കിലും ധനമന്ത്രി പരാമര്‍ശിച്ചത്. ഇതോടെ ആര്‍.വി.എന്‍.എല്‍, ഐ.ആര്‍.എഫ്.സി, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടെക്സ്മാകോ റെയില്‍ ആന്‍റ് എന്‍ജിനീയറിങ് എന്നിവയുടെ ഓഹരികള്‍ 1– 5 ശതമാനം വരെ ഇടിഞ്ഞു. 

ആന്ധ്രയ്ക്കായി ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച കൂട്ടത്തില്‍ വിശാഖപട്ടണം– ചെന്നൈ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കൊപ്പാര്‍ത്തി ഘട്ടത്തിലും ഹൈദരാബാദ്–ബെംഗളൂരു ഇടനാഴിയുടെ ഭാഗമായി ഒര്‍വകല്‍ ഘട്ടത്തിലും, അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, റെയില്‍വേ, റോഡ് എന്നിവ ഉറപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ബജറ്റില്‍ റെയില്‍വേയുടെ പേര് ഇക്കുറി പരാമര്‍ശിക്കപ്പെട്ടത്.

വന്ദേഭാരത് ട്രെയിനുകള്‍, വന്ദേ മെട്രോ, മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, നമോ ഭാരത് ട്രെയിനുകള്‍ എന്നിങ്ങനെ സൂപ്പര്‍ ട്രെയിനുകള്‍ വരുമെന്നും ഊര്‍ജ– ധാതു– സിമന്‍റ് ഇടനാഴി, തുറമുഖത്തേക്ക് ബന്ധിപ്പിക്കുന്ന ഇടനാഴി, ഹൈ ട്രാഫിക് ഇടനാഴി എന്നിങ്ങനെ മൂന്ന് സാമ്പത്തിക ഇടനാഴികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടുമെന്നുമായിരുന്നു റെയില്‍വേ രംഗം പ്രതീക്ഷിച്ചിരുന്നത്. റെയില്‍– റോഡ് കണക്ടിവിറ്റി സംബന്ധിച്ച ഉറപ്പിന് പുറമെ സമീപകാലത്തുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സിഗ്നലിങ് സംവിധാനത്തിലുള്‍പ്പടെ പുതിയ സാങ്കേതിക വിദ്യകളും റോബോട്ടിക്സും ഉള്‍പ്പടെ സുപ്രധാന  പ്രഖ്യാപനങ്ങളും പ്രതീക്ഷയിലുണ്ടായിരുന്നു. ഇതൊന്നും ബജറ്റിലിടം പിടിക്കാതിരുന്നതോടെയാണ് റെയില്‍ ഓഹരികളില്‍ നിരാശ ബാധിച്ചത്. 

റെയില്‍ വികാസ് നിഗം ലിമിറ്റഡിന്‍റെ ഓഹരി 6 ശതമാനവും ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍റെ ഓഹരി 5.6 ശതമാനവും ഇര്‍കോണിന്‍റേത് 9ശതമാനവുമാണ് ഇടിഞ്ഞത്. എന്‍ബിസിസിയുടേത് 7 ശതമാനവും റെയില്‍ ടെല്‍ കോര്‍പറേഷന്‍റേത് 6.6 ശതമാനവും ഇടിഞ്ഞു. ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 11– 112 ശതമാം വരെയാണ് ഈ ഓഹരികള്‍ നേട്ടമുണ്ടാക്കിയിരുന്നത്. റെയില്‍ നിഗമാണ് ഫെബ്രുവരിയില്‍ 112 ശതമാനം നേട്ടമുണ്ടാക്കിയത്. ഇര്‍കോണ്‍ 44 ശതമാവും റെയില്‍ടെല്‍ 37 ശതമാനവും ടെക്സ്മാകോ 31 ശതമാനവുമാണ് അന്ന് കുതിപ്പുണ്ടാക്കിയത്. 

ഇടക്കാല ബജറ്റില്‍ 2,52,200 കോടി രൂപയാണ് ധനമന്ത്രി റെയില്‍വേയ്ക്കായി നീക്കി വച്ചിരുന്നത്. ഇതിന് പുറമെ 10,000 കോടി രൂപയും ബജറ്റിതര ചെലവായി വകയിരുത്തിയിരുന്നു.  

ഇടക്കാല ബജറ്റില്‍ 2,52,200 കോടി രൂപയാണ് ധനമന്ത്രി റെയില്‍വേയ്ക്കായി നീക്കി വച്ചിരുന്നത്. ഇതിന് പുറമെ 10,000 കോടി രൂപയും ബജറ്റിതര ചെലവായി വകയിരുത്തിയിരുന്നു. 

ENGLISH SUMMARY:

Railway stocks like RVNL, IRFC, Ircon International, RailTel Corporation of India, and Texmaco Rail & Engineering fell around 1-5 percent after FM Sitharaman's Budget Speech concluded on July 23