രാജ്യത്തെ തൊഴില്‍ മേഖലയില്‍ വനിതാ പ്രാധാന്യം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിന്‍റെ ഭാഗമായി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും തൊഴില്‍ സ്ഥാപനങ്ങളോട് അനുബന്ധിച്ച് ക്രഷുകളും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ സ്ത്രീ കേന്ദ്രീകൃതമായ തൊഴില്‍ നൈപുണ്യ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് വിപണിയും അവസരങ്ങളും ഉറപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. 

പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നൈപുണ്യ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കും. 5 വര്‍ഷം കൊണ്ട് 20 ലക്ഷത്തോളം യുവാക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ ഹബ്ബുകളാക്കി ഉയര്‍ത്തുമെന്നും നവീനമായ സാങ്കേതിക വിദ്യകളും വിദഗ്ധ സേവനവും ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

സ്ത്രീ കേന്ദ്രീകൃതമായ വികസനം ഉറപ്പു വരുത്തുന്നതിനായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ആവിഷ്കരിച്ചിരിക്കുന്നത്. സാമ്പത്തിക പുരോഗതിയില്‍ സ്ത്രീകളെ കൂടി ഭാഗഭാക്കാകുന്നതിന്‍റെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Union Budget 2024: FM announces increased participation of women in workforce with a new Hostel initiative