prawns

ചെമ്മീന്‍ ഇറക്കുമതി നിരോധനത്തിനു പിന്നാലെ കടുത്ത നിബന്ധനകളിലേക്ക് കടന്ന് അമേരിക്ക. കൂടുതല്‍ സമുദ്രോല്‍പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. സമുദ്ര സസ്തനികള്‍ക്ക് ഭീഷണിയായേക്കാവുന്ന മല്‍സ്യബന്ധനം തടയുകയാണ് ലക്ഷ്യം.  

കടലാമ സംരക്ഷണത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കടല്‍ചെമ്മീന്‍ ഇറക്കുമതി അമേരിക്ക വിലക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിലൂടെ പ്രതിവര്‍ഷം 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ഇതിനു പിന്നാലെയാണ് വിവിധ സമുദ്രോല്‍പന്നങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്കയുടെ ആലോചന. ഡോള്‍ഫിന്‍, തിമിംഗലം അടക്കമുള്ള സസ്തനികള്‍ക്ക് ഭീഷണിയാവുന്ന മല്‍സ്യബന്ധനം നിരുല്‍സാഹപ്പെടുത്തുകയാണ് ലക്ഷ്യം. 

1972ലെ യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്‍റെ ചുവടുപിടിച്ചാണ് നീക്കം. ഇതിനു മുന്നോടിയായി ഇന്ത്യയിലെ സമുദ്ര സസ്തനികളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ട സര്‍വേ തുടങ്ങിയെന്നാണ് സൂചന. അമേരിക്കയിലേക്ക് കയറ്റിവിടുന്ന സമുദ്രോല്‍പന്നങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും മറ്റൊരു നിയമത്തില്‍ പറയുന്നു. ഉപരോധവുമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ മല്‍സ്യബന്ധന മേഖലയ്ക്ക് ഇരുട്ടടിയാകുമത്.                                                                                                                                                                                                                                                          

 

ഇന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് മല്‍സ്യത്തൊഴിലാളികളുടെ തീരുമാനം. അമേരിക്കന്‍ നിരോധനത്തിനു പിന്നാലെ, ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന് വിലകുറച്ചതും പ്രതിസന്ധി കൂട്ടി.

ENGLISH SUMMARY:

America may ban more seafood import from India after Prawns ban.