ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.ജോര്‍ജിയയിലെ ബാറോ കൗണ്ടിയിലുള്ള അപല്‍ചെ ഹൈസ്കൂളിലാണ് ബുധനാഴ്ച വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ 14കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോള്‍ട്ട് ഗ്രേയെന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കോള്‍ട്ടിനെ മുതിര്‍ന്നയാളായി പരിഗണിച്ചാകും നിയമനടപടികളെന്ന് പൊലീസ് അറിയിച്ചു. രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ പ്രസിഡന്‍റ് ജോ ബൈഡന്‍ അപലപിച്ചു.
സ്കൂളില്‍ വെടിവയ്പ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് അജ്ഞാത സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് എഫ്.ബി.ഐ കഴിഞ്ഞ വര്‍ഷം കോള്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കോള്‍ട്ട് സ്കൂളില്‍ വെടിവയ്പ്പ് നടത്തിയ സമയത്ത് 1900 വിദ്യാര്‍ഥികളാണ് സ്കൂളിലുണ്ടായിരുന്നത്. കൃത്യത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരിലൊരാള്‍ 14കാരന്‍ മാസന്‍ ഷീമെര്‍ഹോണ്‍ എന്ന വിദ്യാര്‍ഥിയാണ്. ഓട്ടിസം വെല്ലുവിളിയെ അതിജീവിച്ചാണ് മാസണ്‍ സ്കൂളില്‍ പഠിക്കാന്‍ എത്തിയിരുന്നത്.
തീര്‍ത്തും പൈശാചികമായ പ്രവര്‍ത്തിയാണിതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വലിയ തോക്കുമായാണ് കോള്‍ട്ടെത്തിയതെന്നും പത്ത് തവണ വെടിയുതിര്‍ത്തുവെന്നും ദൃക്സാക്ഷിയായ മാര്‍ക്കസ് കോള്‍മാനെന്ന ഹൈസ്ക്കൂള്‍ വിദ്യാര്‍ഥി വെളിപ്പെടുത്തി. വെടിവയ്പ്പിനെ കമല ഹാരിസും അപലപിച്ചു. സ്കൂളിലേക്ക് അയയ്ക്കുന്ന കുട്ടികള്‍ തിരികെ വീട്ടിലേക്ക് ജീവനോടെ എത്തുമോ എന്ന ഭീകരമായ ആശങ്കയാണ് ഉടലെടുക്കുന്നതെന്നും ഈ സ്ഥിതി മാറണമെന്നും ഇങ്ങനെയല്ല വേണ്ടതെന്നും അവര്‍ ന്യൂഹാംഷെയറിലെ പ്രചാരണത്തില്‍ പറഞ്ഞു.