PENSION

TOPICS COVERED

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ശമ്പളത്തിൻറെ 50 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്ന ഏകീകൃത പെൻഷൻ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പദ്ധതി 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഗുണകരമാകും. 2025 ഏപ്രിൽ ഒന്ന് മുതലാണ് പുതിയ പദ്ധതി പ്രാബല്യത്തിൽ വരിക. നിലവിലുള്ള നാഷണൽ പെൻഷൻ സ്കീമിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നടക്കം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ നിർണായക നീക്കം. 

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ സ്കീമോ (എൻപിഎസ്) ഏകീകൃത പെൻഷൻ സ്കീമോ (യുപിഎസ്) തിരഞ്ഞെടുക്കാം. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാനും സാധിക്കും. പുതിയ പെൻഷൻ പദ്ധതിക്ക് കീഴിൽ സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി ഉയർത്തി. തൊഴിലാളികളുടെ വിഹിതം 10 ശതമാനമാി തുടരും. 

ഏകീകൃത പെൻഷൻ സ്കീം പ്രകാരം, 25 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അഷ്വേഡ് പെൻഷനായി ലഭിക്കും. 25 വർഷം സർവീസില്ലാത്ത എന്നാൽ 10 വർഷം പൂർത്തിയാക്കിയവർക്ക് അനുപാതികമായി പെൻഷൻ ലഭിക്കും. പെൻഷൻ വാങ്ങുന്ന വ്യക്തി മരണപ്പെട്ടാൽ വാങ്ങിയിരുന്ന പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനായി ലഭിക്കും. ചുരുങ്ങിയത് 10 വർഷം പൂർത്തിയാക്കുന്നവർ‌ക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ മിനിമം പെൻഷൻ പുതിയ പദ്ധതി ഉറപ്പുനൽകുന്നു. 

ENGLISH SUMMARY:

Central government introduce Unified Pension Scheme that assured 50 percentage of salary as pension.