പുതിയ തലമുറയെ വായനയുടെ ലോകത്തേക്കു നയിക്കാൻ പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്ന ആശയം പങ്കുവച്ച് മനോരമ ഹോർത്തൂസ് വായന സംഗമം. പുതിയ തലമുറയോട് കഥ പറയുമ്പോൾ സ്വീകരിക്കേണ്ട ഭാഷാരീതിയെക്കുറിച്ച് അവബോധമുണ്ടാകണമെന്ന് എഴുത്തുകാര്‍ പറഞ്ഞു.
എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം എസ്.ഹരീഷ്, വിനോയ് തോമസ് എന്നിവരാണ് പങ്കെടുത്തത്. നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ടു നടക്കുന്ന മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയായാണ് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സാഹിത്യലോകത്തെ പ്രമുഖരുൾപ്പെട്ട സദസ്സിനു മുന്നിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാർ തങ്ങളുടെ രചനാനുഭവം പങ്കുവച്ചത്.
എത്ര പഴയ കാലത്തുനടന്ന കഥകൾ പറയുമ്പോഴും അതു പുതിയ തലമുറയ്ക്കുകൂടി മനസ്സിലാകുന്ന തരത്തിൽ ഏറ്റവും ലളിതമായി പറയാൻ സാധിക്കുന്നിടത്താണു എഴുത്തുകാരൻ വിജയിക്കുന്നതെന്നു എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശും പ്രസംഗിച്ചു.