2009ൽ രണ്ടാം തവണയും പ്രധാനമന്ത്രിയായതോടെ മന്‍മോഹന്‍ സിങ് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തത് രണ്ട് റെക്കോർഡുകളാണ്. 1971നു ശേഷം ഇന്ത്യയിൽ കാലാവധി പൂർത്തിയാക്കിയ ഒരു പ്രധാനമന്ത്രിയും പിന്നീട് അധികാരത്തിൽ മടങ്ങിവന്നിട്ടില്ലായിരുന്നു. മൻമോഹൻ ആ റെക്കോർഡ് തിരുത്തിയെഴുതി. മാത്രമല്ല, കോൺഗ്രസിൽ നെഹ്‌റു - ഇന്ദിരാഗാന്ധി കുടുംബത്തിനു പുറത്തു നിന്നു തുടർച്ചയായി രണ്ടാമതൊരിക്കൽക്കൂടി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയുമായി അദ്ദേഹം.
1999ൽ അടൽ ബിഹാരി വാജ്‌പേയി തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായെങ്കിലും അതു കാലാവധി പൂർത്തിയാക്കിയതിനു ശേഷമായിരുന്നില്ല. സ്‌ഥാനമേറ്റ് 13 മാസത്തിനുശേഷം വാജ്‌പേയി സർക്കാർ ലോക്‌സഭയിൽ ഒറ്റവോട്ടിനു തോറ്റ് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
മൻമോഹൻ സിങ് ലോക്സഭയിലേക്ക് ഒരു തവണയേ മൽസരിച്ചിട്ടുള്ളൂ. അത് 1999ല്‍ സൗത്ത് ഡൽഹി മണ്ഡലത്തിലായിരുന്നു. എതിരാളി ബിജെപിയുടെ വി.കെ. മൽഹോത്രയും. ഇരുവരും പാക്കിസ്ഥാനിലെ പഞ്ചാബിൽ ജനിച്ചു വളർന്നവർ. രണ്ടും ഡോക്ടറേറ്റുകാർ. മൻമോഹന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റെങ്കില്‍, മൽഹോത്രയ്ക്ക് ഹിന്ദി സാഹിത്യത്തിലാണ്.
ഒക്ടോബർ ആറിന് വോട്ടെണ്ണിയപ്പോൾ മൻമോഹൻ തോറ്റു. 1999ൽ ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. റിസർവ് ബാങ്ക് ഗവർണറും കേന്ദ്രധനമന്ത്രിയുമായ ഏക പ്രധാനമന്ത്രി കൂടിയാണ് മൻമോഹന്‍ സിങ്. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളെയാണ്.