ഇന്ത്യയിലെ വലിയ പ്രാഥമിക ഓഹരി വിൽപ്പനയാണെങ്കിലും വിപണിയില്‍ വലിയ അനക്കമൊന്നും ഉണ്ടാക്കാന്‍ ഹ്യുണ്ടായ് ഐപിഒയ്ക്ക് സാധിച്ചിട്ടില്ല. സബ്സ്ക്രിപ്ഷന്‍റെ രണ്ടാം ദിവസം പൂർത്തിയാകുമ്പോൾ 28 ശതമാനം ഓഹരികൾ മാത്രമാണ് സബ്സക്രൈബ് ചെയ്യപ്പെട്ടത്.
വില്‍പനയ്ക്ക് വച്ച 9,97,69,810 ഓഹരികളില്‍ 2,77,58,465എണ്ണത്തിനുള്ള അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ച ഓഹരികളിൽ 37 ശതമാനം ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. വ്യാഴാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ നിക്ഷേപക താൽപര്യം പോലെ ലിസ്റ്റിങ് നേട്ടത്തിന് സാധ്യത കാണിക്കുന്ന ഐപിഒകളും വിപണിയിലുണ്ട്.
ഹ്യുണ്ടായ് ഐപിഒ
അനൗദ്യോഗിക വിപണിയിൽ ഹ്യുണ്ടായ് ഓഹരിക്കുള്ള ഡിമാന്‍റ് ഇടിയുകയാണ്. ഗ്രേ മാർക്കറ്റിൽ ഓഹരിയുടെ പ്രീമിയം 35 രൂപയായി കുറഞ്ഞു. നിലവിൽ രണ്ട് ശതമാനം നേട്ടത്തിൽ 1,995 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഗ്രേ മാർക്കറ്റിൽ കാണുന്നത്. ഐപിഒ സബ്സ്ക്രിപ്ഷൻ ആരംഭിച്ച ചൊവ്വാഴ്ച 63 രൂപയായിരുന്ന പ്രീമിയമാണ് കുറഞ്ഞത്. 22 ന് ഓഹരി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
Also Read: ഈ ആഴ്ചയിലെ പ്രധാനി ഹ്യുണ്ടായ് ഐപിഒ; അറിയാം പ്രധാനവിവരങ്ങൾ
നേട്ടമുണ്ടാക്കാന്‍ ഇവ
ഫ്രെഷാര അഗ്രോ എക്‌സ്‌പോർട്ട്‌സ്, ലക്ഷ്യ പവർടെക് ലിമിറ്റഡ് എന്നി രണ്ട് എസ്എംഇ ഐപിഒകളാണ് ഹ്യുണ്ടായ് ഐപിഒയ്ക്കൊപ്പം ഈ ആഴ്ച സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. 49.91 കോടി രൂപയുടെ ലക്ഷ്യ പവർടെക് ഐപിഒയുടെ പ്രൈസ് ബാൻഡ് 171-180 രൂപയാണ്. 169 രൂപ പ്രീമിയത്തിൽ ഗ്രേ മാർക്കറ്റിൽ വ്യാപാരം നടക്കുന്ന ഓഹരി 94 ശതമാനം നേട്ടത്തിൽ 349 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യത കാണിക്കുന്നു.
75.39 രൂപയുടേതാണ് ഫ്രെഷാര അഗ്രോ എക്‌സ്‌പോർട്ട്‌സിന്റെ ഐപിഒ. 110-116 രൂപയാണ് ഐപിഒ ഓഹരി വില. ഗ്രേ മാർക്കറ്റിൽ 75 രൂപ പ്രീമിയത്തിലാണ് വ്യാപാരം. ഓഹരി 65 ശതമാനം നേട്ടത്തിൽ 191 രൂപയിൽ ലിസ്റ്റ് ചെയ്തേക്കാം.
അടുത്താഴ്ച സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്ന വാരി എനർജീസ് ഐപിഒ ഗ്രേമാർക്കറ്റിൽ വലിയ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. 432 കോടി രൂപയുടെ ഐപിഒയ്ക്ക് 1427-1503 രൂപയാണ് കമ്പനി പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 1,350 രൂപ പ്രീമിയത്തിലാണ് ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടക്കുന്നത്.
ഒക്ടോബർ 21 നാണ് ഐപിഒ സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നത്. ഒക്ടോബർ 23 ന് അവസാനിക്കും. നിലവിൽ 90 ശതമാനം നേട്ടത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഈ ഡിമാന്‍റ് നിലനിർത്തിയാൽ മൾട്ടിബാഗർ റിട്ടേൺ പ്രതീക്ഷിക്കാം.
ഗ്രേ മാർക്കറ്റ് പ്രീമിയം
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകൾ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാർക്കറ്റ്. ഇവ യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)