വെള്ളിയാഴ്ച ഇന്‍ഫോസിസ് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ സഹ സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ കുടുംബത്തിന് നഷ്ടം 1,900 കോടി രൂപ. ഓഹരി ആറു ശതമാനം ഇടിഞ്ഞ് 1812.70 രൂപയിലേക്ക് താഴ്ന്നതോടെ 1,900 കോടി രൂപയാണ് കുടുംബത്തിന്‍റെ ആസ്തിയിലുണ്ടായ ഇടിവ്. നാരായണ മൂര്‍ത്തിയും കുടുംബവും ആകെ 4.02 ശതമാനം ഓഹരികളാണ് ഇന്‍ഫോസിസിലുള്ളത്.
വ്യാഴാഴ്ച ഇടിവിന് മുന്‍പ് 32,236 കോടി രൂപയായിരുന്നു നാരായണ മൂര്‍ത്തിയുടെ കുടുംബത്തിന് ഇന്‍ഫോസിസിലുണ്ടായ നിക്ഷേപ മൂല്യം. വെള്ളിയാഴ്ചയിലെ ഇടിവിലൂടെ ഇത് 30334 കോടി രൂപയിലേക്ക് എത്തി. അതേസമയം കമ്പനിയുടെവിപണി മൂല്യം 7.54 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തി കമ്പനിയില്‍ 0.40 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ സുധാ മൂര്‍ത്തിക്ക് 0.92 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മകന്‍ രോഹന്‍ മൂര്‍ത്തിക്ക് 1.62 ശതമാനവും മകളും മുന്‍ യുകെ പ്രസിഡന്‍റ് ഋഷി സുനകിന്‍റെ ഭാര്യയുമായ ആക്ഷത മൂര്‍ത്തിക്ക് 1.04 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന് 0.04 ശതമാനം ഓഹരികളും ഇന്‍ഫോസിലുണ്ട്. അഞ്ചു പേര്‍ക്കും ആകെ 4.02 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സര്‍വീസ് എക്സ്പോര്‍ട്ടറായ ഇന്‍ഫോസിസ് മൂന്നാം പാദഫലത്തിന് ശേഷമാണ് ഇടിയുന്നത്. വിപണിയിലുണ്ടായ തിരിച്ചടിയും ഐടി സെക്ടറിലെ വെല്ലുവിളികളുമാണ് ഓഹരിയിലെ ഇടിവിന് കാരണം. ഇന്‍ഫോസിസിന്‍റെ അറ്റാദായത്തില്‍ വാര്‍ഷികാടാസിഥാനത്തില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന വരുമാനം എട്ട് ശതമാനവും വര്‍ധിച്ചു.
വെള്ളിയാഴ്ച 1,851 രൂപയില്‍ വ്യാപാരം തുടങ്ങിയ ഇന്‍ഫോസിസ് ഓഹരി 1,812 വരെ താഴ്ന്ന ശേഷം 1,817.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച നിഫ്റ്റി 108.60 പോയിന്‍റ് ഇടിഞ്ഞ് 23,203.20 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 423 പോയിന്‍റ് ഇടിഞ്ഞ് 76,619ലാണ് ക്ലോസ് ചെയ്തത്.