റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ച ബോണസ് ഇഷ്യുവിന് ഓഹരി ഉടമകളുടെ അംഗീകാരം. ബോണസ് ഇഷ്യുവിൻറെ റെക്കോർഡ് തീയതിയായി ഒക്ടോബർ 28 നിശ്ചയിച്ചു. 1:1 അനുപാതത്തിലാണ് റിലയൻസ് ബോണസ് ഓഹരികൾ നൽകുന്നത്. അതായത് ഒരു റിലയൻസ് ഓഹരി കയ്യിലുള്ളവർക്ക് സൗജന്യമായി മറ്റൊരെണ്ണം ലഭിക്കും.
ഒക്ടോബർ 28 ന് മുൻപ് ഡിമാറ്റ് അക്കൗണ്ടിൽ റിലയൻസ് ഓഹരികളുള്ള നിക്ഷേപകരാണ് ബോണസ് ഓഹരിക്ക് യോഗ്യർ. സെപ്റ്റംബർ അഞ്ചിന് നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം ജനറൽ ബോഡി യോഗത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇത് ആറാം തവണയാണ് റിലയൻസ് ഇൻഡസ്ട്രീസ് ബോണസ് ഓഹരി നൽകുന്നത്. 2017 ലാണ് അവസാനമായി ബോണസ് ഓഹരി നൽകിയത്.
കഴിഞ്ഞ ഒരു മാസമായി എട്ട് ശതമാനം ഇടിവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ. 2024 ൽ സെൻസെക്സ് 12.77 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടം 4.56 ശതമാനം മാത്രമാണ്. 2017 ൽ ബോണസ് ഓഹരി പ്രഖ്യാപിച്ചതിന് ശേഷം 273 ശതമാനമാണ് റിലയൻസ് ഓഹരിയിലുണ്ടായ മുന്നേറ്റം. 2017 സെപ്റ്റംബർ ഏഴിന് 725.56 രൂപയായിരുന്ന ഓഹരി 2,709.40 രൂപയിലെത്തി. 2009, 1997, 1983, 1980 എന്നി വർഷങ്ങളിലാണ് കമ്പനി നേരത്തെ സൗജന്യ ഓഹരികൾ നൽകിയത്.
ഓഹരി 0.79 ശതമാനം നേട്ടത്തിൽ 2,709.40 രൂപയിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തു വന്ന റിലയൻസ് ഇൻസ്ട്രീസിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ ലാഭത്തിൽ അഞ്ച് ശതമാനം ഇടിവുണ്ട്. 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 17,394 കോടി രൂപയായിരുന്ന ലാഭം 16,563 കോടി രൂപയായി കുറഞ്ഞു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)