ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ ബോധവല്‍കരണത്തിന്‍റെ ഭാഗമായി തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഹെമറ്റോളജി വിഭാഗം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ റാലി തിരുവല്ല സബ് ഇന്‍സ്പെക്ടര്‍ ജി ഉണ്ണിക്കൃഷ്ണനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 50 സൈക്ലിസ്റ്റുകള്‍ പങ്കെടുത്ത റാലി പുളിങ്കുന്ന്, പൊടിയാടി വഴി 50 കിലോമീറ്ററോളം ദൂരം യാത്ര നടത്തി. ആശുപത്രിയില്‍ 50 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് പൂര്‍ത്തിയാക്കി 50 ജീവിതങ്ങള്‍ രക്ഷപെടുത്താനായതിന്‍റെ സന്തോഷത്തിലാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചതെന്ന് ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍ വല്യത്ത് പറഞ്ഞു. ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി.സി.ഫിലിപ്പ്, ഡോ. ജോംസി ജോര്‍ജ്, ഡോ.തോമസ് മാത്യു, റോസി മാര്‍സല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.