മോഷണക്കേസിൽ ശാന്തിക്കാരനെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ക്ഷേത്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കൃത്യമായ പരിശോധന ഇല്ലാതെയുള്ള പൊലീസ് ഇടപെടൽ ക്ഷേത്ര ചടങ്ങുകൾക്ക് തടസ്സമായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു
ഇന്നലെ ദീപാരാധനയ്ക്ക് ശേഷമാണ് അപ്രതീക്ഷിതമായി പോലീസ് എത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ ആണ് കസ്റ്റഡി എന്ന് കേട്ട് ക്ഷേത്ര ഭാരവാഹികളും ഭക്തരും പരിഭ്രാന്തരായി. ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. അബദ്ധം പറ്റിയെന്നാണ് പോലീസ് പറയുന്നത്.
തെറ്റുപറ്റിയ വഴി ഇതാണ്. ഒരുമാസം മുൻപ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുള്ള വിഷ്ണുവിൻറെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികൾ പോലീസിന് കൈമാറി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വിഷ്ണുവിൻറെ ഫോട്ടോ ഇവർക്ക് ലഭിച്ചത് . ഈ ഫോട്ടോ വെച്ചാണ് വിഷ്ണുവിനെ പിടികൂടിയത്.
വിഷ്ണുവുമായി ഒരു ബന്ധവുമില്ലെന്ന് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞതോടെയാണ് വിട്ടയച്ചത്.
അത്താഴപൂജ ഉൾപ്പെടെ ബാക്കി നിൽക്കെ ക്ഷേത്രം കീശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചുവെന്ന് മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ പറയുന്നു. കസ്റ്റഡിയിലെടുക്കും മുൻപ് വീഡിയോ കോളിലെങ്കിലും പരിശോധന നടത്താമായിരുന്നില്ലേ എന്നാണ് ക്ഷേത്രം ഭാരവാഹികൾ ചോദിക്കുന്നത്. മാനക്കേട് ഉണ്ടാക്കാം വിധമുള്ള പോലീസിന്റെ പ്രവർത്തിക്കെതിരെ പരാതി നൽകും