ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നതിനിടെ ലാഭമെടുത്ത് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ എല്‍ഐസി. വിപണി ഇടിവില്‍ മ്യൂച്വല്‍ ഫണ്ടുകളടക്കം ഓഹരികള്‍ വാങ്ങി കൂട്ടുന്നതിനിടെ എല്‍ഐസി സെപ്റ്റംബര്‍ പാദത്തില്‍ 103 ഓഹരികളിലെ പങ്കാളിത്തമാണ് കുറച്ചത്. ഇതോടെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ എല്‍ഐസിക്കുള്ള നിക്ഷേപ പങ്കാളിത്തം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
Also Read: ഫാഷന്‍ മാത്രമല്ല നിക്ഷേപവും കളറാക്കും സുഡിയോ; ട്രെന്‍ഡ് ഓഹരി ഉയര്‍ന്നത് 115%; ഇനിയും നേട്ടമോ?
ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ഇതുവരെ 1.17 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. നിഫ്റ്റി ഇക്കാലയളവില്‍ ഏകദേശം ഏഴു ശതമാനമാണ് ഇടിഞ്ഞത്. ഈ ഇടിവിന് മുന്നോടിയായി സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി ഓഹരികള്‍ വിറ്റു.
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ എല്‍ഐസിക്കുള്ള നിക്ഷേപ പങ്കാളിത്തം 3.59 ശതമാനമായി. മുന്‍പാദത്തിലിത് 3.64 ശതമാനമായിരുന്നു. നേട്ടത്തിലുള്ള വിപണിയില്‍ നിന്ന് ലാഭമെടുത്തതാണ് എല്‍ഐസിയുടെ വിഹിതം കുറയാന്‍ കാരണം. അതേസമയം 78 കമ്പനികളുടെ ഓഹരികളും എല്‍ഐസി വാങ്ങിയിട്ടുണ്ട്.
പ്രോക്ടർ & ഗാംബിൾ ഹൈജീൻ & ഹെൽത്ത്‌കെയർ, വോൾട്ടാസ്, എച്ച്‌ഡിഎഫ്‌സി എഎംസി, ലുപിൻ, ഹീറോ മോട്ടോക്രോപ്, എച്ച്‌പിസിഎൽ, ഫൈസർ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ പവർ എന്നിങ്ങനെയുള്ള ഓഹരികളില്‍ നിന്നാണ് എൽഐസി നിക്ഷേപ പങ്കാളിത്തം കുറച്ചത്.
എച്ച്ഡിഎഫ്സി എഎംസിയുടെ 2,076 കോടി രൂപയുടെ ഓഹരികളാണ് സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി വിറ്റത്. ലുപിന്‍– 2,069 കോടി രൂപ, എന്‍ടിപിസി– 1947 കോടി രൂപ, ഹീറോ മോട്ടോക്രോപ് 1,926 കോടി രൂപ എന്നിങ്ങനെയാണ് ഓഹരി വിറ്റത്. ടിസിഎസ്, ഗെയില്‍, ഒന്‍ജിസി, ടാറ്റ പവര്‍, വോള്‍ട്ടാസ് എന്നിവയിലെ 1000 കോടി രൂപയ്ക്ക് മുകളിലുള്ള ഓഹരികളാണ് വിറ്റത്.
ഇതോടൊപ്പം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഡാൽമിയ ഭാരത്, സൈയന്‍റ് എന്നി ഓഹരികളില്‍ എല്‍ഐസി നിക്ഷേപമുയര്‍ത്തി. ജൂണ്‍ പാദത്തില്‍ ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുണ്ടായിരുന്ന പൊതുമേഖലാ ബാങ്കിങ് ഓഹരിയായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സെപ്റ്റംബര്‍ പാദത്തില്‍ 4.05 ശതമാനമാണ് എല്‍ഐസിയുടെ പങ്കാളിത്തം. സെപ്റ്റംബര്‍ പാദത്തിലെ കണക്ക് പ്രകാരം 283 കമ്പനികളിലായി 16.76 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസിക്കുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)