അത്യാവശ്യത്തിന് ഉപകരിക്കണം എന്ന ചിന്തയാണ് സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുമ്പോഴുള്ളത്. പെട്ടെന്നൊരു ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വച്ച് പണമെടുക്കുക.  കാശ് കയ്യില്‍ വരുമ്പോള്‍ തിരിച്ചെടുക്കുക ഇതാണ് മിക്കവരും ചെയ്യുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഇടയ്ക്ക് പലിശ അടയ്ക്കും അല്ലെങ്കില്‍ പുതുക്കി വയ്ക്കും. എന്നാല്‍ ഈ രീതിക്ക് മാറ്റം വന്നേക്കുമെന്നാണ് സൂചനകള്‍.

പല ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയത്തിന് പ്രതിമാസ തിരിച്ചടവ് എർപ്പെടുത്താൻ ആലോചിക്കുന്നു എന്നാണ് വിവരം. സ്വർണ വായ്പവിതരണം കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിലും റിസർവ് ബാങ്ക് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം.

ഇതനുസരിച്ച് സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം. നിലവില്‍ ഇങ്ങനെയൊരു സംവിധാനമുണ്ടെങ്കിലും ആരും പിന്തുടാരാറില്ല എന്നതാണ് യാഥാര്‍ഥ്യം. 

സ്വർണപ്പണയ വായ്പയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പല ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒരേ പാൻ (PAN) ഉപയോഗിച്ച് ഒട്ടേറെ  പേർക്ക് വായ്പ കൊടുക്കുക. ഇടപാടുകാരന്‍റെ അസാന്നിധ്യത്തിൽ സ്വർണത്തിന്‍റെ പരിശുദ്ധി പരിശോധിക്കുക, 75% എന്ന വായ്പാപരിധി (എൽടിവി) പാലിക്കാതിരിക്കുക, വായ്പാത്തുക കരാർ ലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകളായിരുന്നു റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നത്.

സ്വർണപ്പണയ വായ്പയിൽ പരമാവധി 20,000 രൂപയേ ഇടപാടുകാരന് പണമായി കയ്യിൽ നൽകാവൂ. തുക അതിലും കൂടുതലാണെങ്കിൽ ഡിജിറ്റലായി വേണം കൈമാറാൻ. ഈടുവയ്ക്കുന്നതിന്റെ സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി 75 ശതമാനം തുകയോ വായ്പയായി നൽകാവൂ എന്നിങ്ങനെയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് സൂചന.

ENGLISH SUMMARY:

Banks and gold loan companies are planning to introduce monthly amortisation plans after the RBI pointed out deficiencies in gold loan disbursals