സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍

ഭക്ഷണവിതരണക്കമ്പനിയായ സൊമാറ്റോയില്‍ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍. സിഇഒയുടെ ഓഫിസും സ്റ്റാഫിനെയും നിയന്ത്രിക്കലാണ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ ജോലി. പക്ഷേ ഓഫറില്‍ ദീപീന്ദര്‍ പറയുന്ന വ്യവസ്ഥകളാണ് വിചിത്രം. ജോലി കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ അങ്ങോട്ട് നല്‍കണം. ആദ്യവര്‍ഷം ശമ്പളമില്ല. രണ്ടാംവര്‍ഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ശമ്പളം ചര്‍ച്ചചെയ്യാമെന്നും ഗോയല്‍ പരസ്യത്തില്‍ പറയുന്നു.

‘ചീഫ് ഓഫ് സ്റ്റാഫ് എന്ന റോളില്‍ അമൂല്യമായ തൊഴില്‍ പരിചയമാണ് കിട്ടുക. അതും ലോകത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നില്‍. ഏറ്റവും മികച്ച മാനേജ്മെന്‍റ് സ്കൂളുകളില്‍ നിന്ന് കിട്ടുന്ന ഡിഗ്രിയേക്കാള്‍ പത്തിരട്ടി മൂല്യം അതിനുണ്ട്’. അതുതന്നെയാണ് ഓഫറിന്‍റെ ഏറ്റവും വലിയ സവിശേഷതയെന്ന് ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി. പണം നോക്കിപ്പോകുന്നവരെയല്ല, പഠിക്കാന്‍ വിശപ്പും സാമാന്യബുദ്ധിയും സഹാനുഭൂതിയും ധാരാളമുള്ള, തൊഴില്‍പരിചയം തീരെയില്ലാത്ത ആളുകളെയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

20 ലക്ഷം രൂപ സൊമാറ്റോയ്ക്കല്ല, ‘ഫീഡിങ് ഇന്ത്യ’ എന്ന സാമൂഹ്യസേവന വിഭാഗത്തിനുള്ള സംഭാവനയാണ്. എന്നാല്‍ ഇത് പണം ലാഭിക്കാനുള്ള തന്ത്രമായി കാണേണ്ട. ജോലി കിട്ടുന്നയാള്‍ നിര്‍ദേശിക്കുന്ന സന്നദ്ധ–സാമൂഹ്യസേവന സംഘടനയ്ക്ക് സൊമാറ്റോ 50 ലക്ഷം രൂപ നല്‍കും. ഒരുവര്‍ഷം ശമ്പളമില്ലാതെ ‘ചീഫ് ഓഫ് സ്റ്റാഫ്’ ജോലി പൂര്‍ത്തിയാക്കുന്നയാള്‍ തുടരാന്‍ അര്‍ഹനാണെങ്കില്‍ അയാള്‍ക്ക് 50 ലക്ഷത്തില്‍ കുറയാത്ത ശമ്പളവും ഗോയല്‍ ഓഫര്‍ ചെയ്യുന്നു.

ഗുരുഗ്രാമിലെ സൊമാറ്റോ ഓഫീസ്

സൊമാറ്റോയുടെ ഭാവി കെട്ടിപ്പടുക്കാന്‍ എന്തും ഏതും ചെയ്യാന്‍ സന്നദ്ധതയുണ്ടായിരിക്കുക എന്നാണ് ജോബ് ഡിസ്ക്രിപ്ഷന്‍. സൊമാറ്റോ എന്നാല്‍ ബ്ലിങ്കിറ്റും ഡിസ്ട്രിക്റ്റും ഹൈപ്പര്‍ പ്യുവറും ഫീഡിങ് ഇന്ത്യയും ചേര്‍ന്ന മുഴുവന്‍ ശൃംഖലയും ഉള്‍പ്പെടും. അവകാശവാദങ്ങളില്ലാതെ, തലക്കനമില്ലാതെ ജോലി ചെയ്യാന്‍ കഴിയണം. മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ നില്‍ക്കാതെ ശരിയായ തീരുമാനങ്ങളെടുക്കുന്നവരാകണം. മികച്ച ആശയവിനിമയശേഷിയുണ്ടാകണം. എല്ലാറ്റിനുമുപരി പഠിക്കാന്‍ മനസുള്ളവരാകണം... ഇങ്ങനെ പോകുന്നു യോഗ്യതകള്‍.

സൊമാറ്റോ സിഇഒയുടെ ചീഫ് ഓഫ് സ്റ്റാഫ് ആകാന്‍ താല്‍പര്യമുള്ളവര്‍ 200 വാക്കില്‍ കുറയാത്ത കവറിങ് ലെറ്റര്‍ ഇ മെയില്‍ ചെയ്യണം. d@zomato.com ആണ് ഇമെയില്‍ വിലാസം. റെസ്യൂമെ വേണ്ട. നിങ്ങള്‍ക്ക് പറയാനുള്ളത് 200 വാക്കില്‍ പറയുക. അത്രമാത്രം...ഗോയലിന്‍റെ പരസ്യം ഇങ്ങനെ അവസാനിക്കുന്നു. പരസ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്‍റുകള്‍ ഏറെയുണ്ട്. 20 ലക്ഷം രൂപ നല്‍കി അപേക്ഷിക്കാന്‍ പറ്റുന്ന ജോലി സമ്പന്നരെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഒരു വിമര്‍ശനം. പണമില്ലാത്തവര്‍ കഴിവുണ്ടായാലും പിന്തള്ളപ്പെട്ടുപോകില്ലേ എന്നും ചിലര്‍ ചോദിക്കുന്നു. 

ENGLISH SUMMARY:

Zomato CEO Deepinder Goyal has announced a job opening for the position of Chief of Staff. The role comes with a striking condition: no salary for the first year and a requirement for the selected candidate to pay Rs 20 lakh as a fee.