സംഗീതനിശയ്ക്കിടെ കുടിവെള്ളം ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത യുവാവില്‍ നിന്നും ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ പത്തിരട്ടി തുക ഈടാക്കിയതായി പരാതി. 10 രൂപയുടെ കുടിവെള്ള ബോട്ടിലിന് 100 രൂപ വീതമാണ് നല്‍കേണ്ടി വന്നതെന്നും സമൂഹമാധ്യമ കുറിപ്പില്‍ യുവാവ് വ്യക്തമാക്കി. രണ്ട് കുപ്പി വെള്ളം വാങ്ങിയതിന്‍റെ രസീറ്റ് സഹിതമാണ് പല്ലബ് ദേ എന്ന ടെക്കി എക്സില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലാണ് സംഭവം.
'10 രൂപയുടെ കുപ്പിവെള്ളം ബോട്ടില്‍ 100 രൂപയ്ക്ക് സൊമാറ്റോ വില്‍ക്കുന്നതെങ്ങനെയാണ്? സ്വന്തം വെള്ളം കുപ്പി പോലും കൊണ്ടുവരാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് ഈ കൊള്ളയെന്നും പല്ലബ് കുറിച്ചിരുന്നു. യുവാവിന്‍റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതോടെ തങ്ങള്‍ ടിക്കറ്റിങ് പാര്‍ട്നര്‍ മാത്രമായിരുന്നുവെന്നും പരിപാടി സംഘടിപ്പിച്ചതല്ലെന്നും സൊമാറ്റോ വിശദീകരിച്ചു. ദേയ്ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും മറുപടിയായി കുറിച്ചു. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരെ പല്ലബ് ട്വീറ്റില്‍ ടാഗ് ചെയ്തു.
കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ടിക്കറ്റിന് തന്നെ കൊള്ളപ്പൈസയാണ് ഈടാക്കുന്നതെന്നും അപ്പോള്‍ വെള്ളമെങ്കിലും ആളുകള്‍ക്ക് നല്‍കിക്കൂടേയെന്നുമായിരുന്നു ഒരാളുടെ ചോദ്യം. പിടിച്ചുപറിയാണിതെന്ന് മറ്റൊരാളും സര്‍ക്കാര്‍ ഇടപെട്ട് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് മറ്റൊരാളും കുറിച്ചു. ഇത്തരം പരിപാടികളില്‍ ടിക്കറ്റിന് ഉയര്‍ന്ന വിലയാണ് ആളുകളില്‍ നിന്ന് ഈടാക്കുന്നതെന്നും ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കണമെന്നും പലരും ആവശ്യപ്പെട്ടു. അതേസമയം സമൂഹമാധ്യമങ്ങളിലെ വിമര്‍ശനത്തോട് പരിപാടിയുടെ സംഘാടകര്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.