സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 640 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 4 ദിവസത്തിനിടെ കൂടിയത് 2320 രൂപയാണ്. 57800 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇടയ്ക്ക് നേരിയ കുറവുണ്ടായെങ്കിലും , നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 7225 എന്ന നിരക്കിലാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് 80 രൂപയുടെ വര്‍ധനവുണ്ടായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപ കൊടുക്കണം. നവംബര്‍ മാസത്തിന്‍റെ ആരംഭത്തില്‍ സ്വര്‍ണവില 59,080 ആയിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടതോടെ, ഏകദേശം 1500 രൂപയോളം കുറഞ്ഞ് വില 57,600 രൂപയായി താഴ്ന്നു.
പിന്നീട് ഒരു തവണ മാത്രം ചെറുതായി വില കൂടിയെങ്കിലും, ശേഷം ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ സ്വര്‍ണ വില വീണ്ടും കുതിച്ചു. നവംബർ 14 മുതല്‍ 17 വരെയുള്ള തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില. ഒരു ഗ്രാം സ്വർണാഭരണത്തിന് 6935 രൂപ മതിയായിരുന്നു. പവന് 55,480 രൂപയും. അതാണിപ്പോള്‍ വീണ്ടും പവന് 57800ല്‍ എത്തിയിരിക്കുന്നത്.