അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ നിക്ഷേപമുള്ള ജിക്യുജി പാര്‍ട്ണേഴ്സ് ഓഹരിക്ക് വലിയ ഇടിവ്. ഓസ്ട്രേലിയന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച ജിക്യുജി പാര്‍ട്ണേഴ്സ് ഓഹരികള്‍ 15.74 ശതമാനം വരെ ഇടിഞ്ഞു. സ്വിസ് ബാങ്കായ യുബിഎസ് ഓഹരിയെ ഡൗണ്‍ഗ്രേഡ‍് ചെയ്തതും ലക്ഷ്യവില കുറച്ചതുമാണ് വിലയിടിവിന് കാരണം. ഇന്ത്യൻ വംശജനായ അമേരിക്കൻ ശതകോടീശ്വരൻ രാജീവ് ജെയിൻ നയിക്കുന്ന നിക്ഷേപക സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്.
നേരത്തെ 'ബൈ' റേറ്റിങ് നല്‍കിയ ബാങ്ക് ഓഹരിയിലുള്ള വീക്ഷണം ന്യൂട്രലാക്കി. ഓഹരിയുടെ ലക്ഷ്യവില 3.30 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്നും 2.30 ഡോളറിലേക്ക് ചുരുങ്ങി. ഇതോടെയാണ് ഓഹരി വീണത്. വൈകീട്ട് 3.15 ഓടെ 2.02 ഡോളറിലാണ് ഓഹരി വില. അദാനി എന്‍റര്‍പ്രൈസിലെ നാലമത്തെ വലിയ നിക്ഷേപകരാണ് ജിക്യുജി പാര്‍ട്ണേഴ്സ്. നവംബര്‍ 21 ന് ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്കില്‍ കുറ്റം ചുമത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ ഓഹരി 25 ശതമാനം ഇടിഞ്ഞ് 1.96 ഡോളറിലേക്ക് വീണിരുന്നു.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ തിരിച്ചുവരവില്‍ ജിക്യുജി പാര്‍ട്ണേഴ്സ് വലിയ ലാഭമുണ്ടാക്കിയിരുന്നു. എന്നാല്‍ അദാനി കുറ്റപത്രത്തിന് പിന്നാലെ ജിക്യുജി പാര്‍ട്ണേഴ്സ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 390 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായതെന്നാണ് നഷ്ടം 3256.5 കോടി രൂപ യുബിഎസിന്‍റെ കണക്കുകൂട്ടല്‍.
അതേസമയം അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്ന് ജിക്യുജി പാര്‍ട്ണേഴസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പോര്‍ട്ട്ഫോളിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ജിക്യുജി പോര്‍ട്ഫോളിയോയില്‍ വൈവിധ്യവത്കരണമാണെന്നും 90 ശതമാനം നിക്ഷേപവും അദാനി ഗ്രൂപ്പ് ഓഹരികളില്‍ അല്ലെന്നും സഹസ്ഥാപകന്‍ രാജീവ് ജെയിനും വ്യക്തമാക്കിയിരുന്നു.