ട്രാഫിക്സോള്‍ ഐടിഎസ് ടെക്നോളജീസിന്‍റെ ഐപിഒ റദ്ദാക്കി സെബി. കമ്പനിക്കെതിരെ ഉയര്‍ന്ന പരാതികളില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് സെബിയുടെ നടപടി. കമ്പനി ഐപിഒ വഴി സമാഹാരിച്ച പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ റീഫണ്ട് പൂര്‍ത്തിയാക്കാണം. ബിഎസ്ഇ ഇതിന് മേല്‍നോട്ടം വഹിക്കും. ഇതിനോടൊപ്പം കമ്പനിയുടെ പേരില്‍ ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ മാറ്റാനും സെബി നിര്‍ദ്ദേശം നല്‍കി.
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാഫിക്‌സോൾ ഐടിഎസ് ട്രാഫിക്, ടോൾ മാനേജ്‌മെന്‍റ് പ്രോജക്‌റ്റുകൾക്ക് ഇന്‍റലിജന്‍സ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനങ്ങളും ഓട്ടോമേഷൻ സൊല്യൂഷനുകളും നൽകുന്ന കമ്പനിയാണ്. 2024 സെപ്റ്റംബര്‍ 10 മുതല്‍ 12 വരെയായിരുന്നു ട്രാഫിക്സോള്‍ ഐടിഎസിന്‍റെ ഐപിഒ.
Also Read: വമ്പന്‍ ഐപിഒ നേട്ടം ഇനിയില്ല? ചട്ടം മുറുക്കാന്‍ സെബി; നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെ
44.87 കോടി രൂപയായിരുന്നു കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 70 രൂപ ഉയര്‍ന്ന ഇഷ്യു വിലയുണ്ടായിരുന്ന ഐപിഒ 345 തവണ അധിക സബ്സ്ക്രിഷ്പന്‍ നേടിയിരുന്നു.
എന്നാല്‍ ഇഷ്യു അവസാനിച്ച് ഓഹരി അലോട്ട്മെന്‍റും കഴിഞ്ഞ ശേഷം ലിസ്റ്റിങിന് മുന്നോടിയായാണ് കമ്പനിക്കെതിരെ സ്മോള്‍ ഇന്‍വസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെബിക്കും ബിഎസ്ഇയ്ക്കും പരാതി നല്‍കിയത്. കമ്പനിയുടെ ഐപിഒ ലക്ഷ്യങ്ങളായി കാണിച്ച ഏകദേശം 18 കോടി രൂപയുടെ സോഫ്റ്റ്‍വെയര്‍ വാങ്ങുന്ന ഇടപാടിലാണ് പരാതിക്കാര്‍ നിയമലംഘനം കണ്ടെത്തിയത്.
ഇടപാട് നടത്താന്‍ ഉദ്യേശിക്കുന്ന കമ്പനിയുടെ സാമ്പത്തിക നില സംശയാസ്പദമാണെന്നും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ വാർഷിക സാമ്പത്തിക റിട്ടേണുകള്‍ ഫയൽ ചെയ്തിട്ടില്ലെന്നും സ്മോള്‍ ഇന്‍വസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സെബിയുമായി കൂടിയാലോചിച്ച് ബിഎസ്ഇ കമ്പനിയുടെ ഓഹരികളുടെ ലിസ്റ്റിംഗ് നിർത്തിവെയ്ക്കുകയായിരുന്നു.
സെബി നടത്തിയ അന്വേഷണത്തിൽ കമ്പനി ഫണ്ട് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് നടപടി.