തുടർച്ചയായി പതിനൊന്നാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ഇതോടെ രണ്ട് മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ ഉയരില്ല. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റീപ്പോ. അതേസമയം ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) അരശതമാനം കുറച്ച് നാല് ശതമാനമാക്കി. സിആര്‍ആര്‍ അര ശതമാനം കുറച്ചതോടെ ബാങ്കിങ് മേഖലയിലേക്ക് 1.16 ലക്ഷം കോടി രൂപയെത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകള്‍ മൊത്തം നിക്ഷേപത്തിന്‍റെ നിശ്ചിത ശതമാനം കരുതൽ ധനമായി ആർബിഐയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ക്യാഷ് റിസര്‍വ് റേഷ്യോ.
2025 സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ പ്രവചനം 4.8 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ രാജ്യം 5.70 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. ഇത് അവസാന പാദത്തില്‍ 4.50 ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 4.60 ശതമാനം, രണ്ടാം പാദത്തില്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ നാല് ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തുമെന്നും കണക്കാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിരക്ക് 6.60 ശതമാനമായാണ് കണക്കാക്കുന്നത്.
ക്യാഷ് റിസര്‍വ് റേഷ്യോ കുറയ്ക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം ബാങ്കിങ് ഓഹരികളില്‍ നേട്ടമുണ്ടാക്കി. റീപ്പോ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് പിന്നാലെ ഇടിവിലേക്ക് വീണ ഓഹരി സൂചികകളും ക്യാഷ് റിസര്‍വ് റേഷ്യോയില്‍ നേട്ടമുണ്ടാക്കി