10 രൂപയുള്ള ഓഹരി 50, 100 രൂപയിലെത്തിയാലുള്ള റിട്ടേണ്‍ പ്രതീക്ഷിച്ചാണ് പലരും പെന്നി ഓഹരിയില്‍ നിക്ഷേപിക്കുന്നത്. പ്രതീക്ഷിക്കുന്ന റിട്ടേണ്‍ ലഭിച്ചില്ലെങ്കില്‍ പണം മുഴുവന്‍ നഷ്ടമാകുന്നത്രയും റിസ്‌ക് ഇത്തരം കുഞ്ഞന്‍ ഓഹരിയിലുണ്ട്. ഈ ഗണത്തില്‍പ്പെട്ട പുതിയ ഓഹരിയാണ് മിഷ്താന്‍ ഫുഡ്‌സ്. മലയാളികളടക്കം ഒട്ടേറെ നിക്ഷേപകരെയാണ് ഈ പെന്നി ഓഹരി പ്രതിസന്ധിയിലാക്കിയത്. ഡിസംബര്‍ മൂന്നിന് 15 രൂപയില്‍ വ്യാപാരം നടത്തിയ ഓഹരി വ്യാഴാഴ്ച (19തിന്) 8.32 രൂപയിലാണുള്ളത്. കമ്പനിക്കെതിരെ സെബി നടത്തിയ അന്വേഷണത്തിന്‍രെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഓഹരിയുടെ ഇടിവിന് കാരണം.
പ്രമോട്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഷെല്‍ കമ്പനിയുണ്ടാക്കി മിഷ്താന്‍ നടത്തിയ വിവിധ ഇടപാടുകളിലെ തട്ടിപ്പും വരുമാനം പെരുപ്പിച്ച് കാണിച്ചതും അടക്കമുള്ള ക്രമക്കേടുകളാണ് സെബി മിഷ്താന്‍ ഫുഡിന് നേരെ ചുമത്തിയിട്ടുള്ളത്. നിക്ഷേപകരെ പറ്റിച്ച് സ്വയം സമ്പന്നനാകാനുള്ള ശ്രമമാണ് കമ്പനി ഉടമകള്‍ നടത്തിയതെന്നാണ് സെബി അന്വേഷണത്തില്‍ തെളിയുന്നത്. എന്താണ് മിഷ്താന്‍ ഫുഡ്‌സില്‍ സെബി കണ്ടെത്തിയത് എന്ന് നോക്കാം.
മിഷ്താന്‍ ഫുഡ്‌സും സെബിയും
അരി, ഗോതമ്പ് തുടങ്ങിയ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ പ്രോസസ് ചെയ്ത് വിപണിയിലെത്തിക്കുന്ന കമ്പനിയാണ് മിഷ്താന്‍ ഫുഡ്‌സ്. അഹമ്മദാബാദ് ആസ്ഥാനമായി കമ്പനി ബിഎസ്ഇയിലാണ് ലിസ്റ്റ് ചെയ്തത്. 2018 മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെയുള്ള മിഷ്താന്‍ ഫുഡ്‌സിന്‍റെ ഇടപാടുകളാണ് സെബി പരിശോധന വിധേയമാക്കിയത്. ഡമ്മി ടേണ്‍ഓവര്‍, ജി.എസ്.ടി തട്ടിപ്പ്, സ്റ്റോക്ക് തട്ടിപ്പ്, വൈദ്യുതി ചിലവുകള്‍ അമിതമായി കണക്കാക്കല്‍, ആദായ നികുതി തട്ടിപ്പ്, ബാങ്ക് തട്ടിപ്പ് തുടങ്ങിയ പരാതികളാണ് സെബിക്ക് ലഭിച്ചത്.
കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഹിതേഷ്‍കുമാര്‍ ഗൗരിശങ്കര്‍ പട്ടേലിനെ ജിഎസ്ടി വകുപ്പ് 78 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ജിഎസ്ടി തട്ടിപ്പ് സംബന്ധിച്ച് ഗാന്ധിനഗറിലെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷറുടെ ഓഫീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സെബിയുടെ തുടര്‍ നടപടി.
ഇല്ലാത്ത കമ്പനികളുമായി ഇടപാട്
കമ്പനി ബുക്ക് ഓഫ് അക്കൗണ്ടില്‍ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന കണ്ടെത്തല്‍. വിതരണക്കാരുടെയും വില്‍പ്പനക്കാരുടെയും പേരില്‍ വ്യാജ കടലാസ് കമ്പനികള്‍ രൂപീകരിച്ച് വരുമാന, ചിലവ് കണക്കുകളില്‍ കമ്പനി തട്ടിപ്പ് നടത്തുകയായിരുന്നു. മിഷ്താന്‍ ഫുഡ്‌സിന്‍റെ വിതരണക്കാരായ കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ ഇവ പലതും ഹിതേഷ്‌കുമാര്‍ ഗൗരിശങ്കര്‍ പട്ടേലിന്‍റെ കുടുംബക്കാരുടെ പേരിലുള്ളതാണെന്ന് വ്യക്തമായി. സെബി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിഎസ്ഇ നടത്തിയ അന്വേഷണത്തിലും വിതരണക്കാരുടെതായി കാണിച്ച രജിസ്‌ട്രേഡ് മേല്‍വിലാസത്തില്‍ അങ്ങനെ കമ്പനികളില്ലെന്ന് കണ്ടെത്തി.
കമ്പനി കത്തി നശിച്ചു, രേഖകളില്ല
സെന്‍ട്രല്‍ ജിഎസ്ടി, ബിഎസ്ഇ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ മിഷ്താന്‍ ഫുഡ്‌സിന്റെ 2018-2024 കാലത്തെ സാമ്പത്തിക രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന കമ്പനിക്ക് സെബി സമന്‍സ് അയച്ചു. 2026 മേയ് ആറിന് കമ്പനിയുടെ രജിസട്രേഡ് ഓഫീസുലുണ്ടായ തീപിടുത്തത്തില്‍ ആരംഭിച്ചത് മുതലുള്ള എല്ലാ ഓഫീസ് രേഖകളും നശിച്ചെന്നാണ് സമന്‍സിന് ലഭിച്ച മറുപടി. എന്നാല്‍ തീപിടുത്തത്തിന് ശേഷമുള്ള 2023, 2024 സാമ്പത്തിക വര്‍ഷത്തെ രേഖകള്‍ പോലും കമ്പനി നല്‍കിയില്ല.
Also Read: പൊന്നും വിലയ്ക്ക് താരങ്ങളെ വാങ്ങാന്‍ പണം എവിടെ നിന്ന്? ഐപിഎല്‍ ടീമുകളുടെ വരുമാനമിതാ
സെര്‍ക്കുലര്‍ ട്രേഡിങും തട്ടിപ്പും
മിഷ്താനുമായി വില്‍പ്പന കരാറുണ്ടായ അരിഹന്ത് എന്ന കമ്പനിയുടെ ഇടപാടാണ് രസകരം. മിഷ്താനില്‍ നിന്ന് പണം അരിഹന്തിന്‍റെ ബാങ്ക് അക്കൌണ്ടിലെത്തുകയും അവസാനം പണം മിഷ്താന്‍ ഫുഡിലേക്ക് തന്നെ തിരികെ എത്തിയുകയും ചെയ്യുന്നു. അരിഹന്തിന്‍റെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചാണ് സെബി ഇക്കാര്യം കണ്ടെത്തിയത്.
മിഷ്താന്‍ വിവിധ കമ്പനികള്‍ വഴി അരിഹന്തിലേക്ക് ആദ്യം പണം കൈമാറുകയായിരുന്നു. ബാങ്ക് അക്കൗണ്ട് ഫോം പ്രകാരം, അരിഹന്ത് കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മിഷ്താനിലെ ഡയറക്ടര്‍മാരാണ്. 2017 മുതല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഡോര്‍മന്‍റായി. എന്നാല്‍ അക്കൗണ്ട് ബാലന്‍സ് മുഴുവന്‍ മിഷ്താനിലേക്ക് മാറ്റി. മിഷ്താനിലേക്ക് മാത്രമാണ് അരിഹന്തിന്‍റെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റായത്. അതായത്, പ്രഥമദൃഷ്ട്യ കമ്പനിക്ക് സ്റ്റോറേജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മറ്റു ചിലവുകളില്ലെന്ന് സെബി കണ്ടെത്തി. ബിഎസ്ഇ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു കമ്പനി കണ്ടെത്താനും സാധിച്ചില്ല.
ഇത്തരത്തില്‍ പല കമ്പനികളുമായി വാങ്ങല്‍- വില്‍പ്പന ഇടപാടുകള്‍ കമ്പനി നടത്തിയതായി സെബി കണ്ടെത്തി. 2023, 24 സാമ്പത്തിക വര്‍ഷങ്ങളില്‍ മിഷ്താന്‍ 50 ശതമാനം വാങ്ങല്‍ നടത്തിയത് ക്രോപ്പ്‌ബെറി എന്ന കമ്പനിയുമായാണ്. ക്രോപ്പ്‌ബെറിയുടെ ബാങ്ക് അക്കൗണ്ട് ഡാറ്റ പ്രകാരം 99.21 ശതമാനം ക്രെഡിറ്റും, 97.14 ശതമാനം ഡെപിറ്റും മിഷ്താനിമായി ബന്ധപ്പെട്ടവരോടാണ്. മിഷ്താനില്‍ നിന്ന് പര്‍ച്ചേസിന്‍റെ ഭാഗമായി വന്ന പണം തിരികെ കമ്പനിയിലേക്ക് തന്നെ എത്തി. ഇത് സെര്‍ക്കുലര്‍ ട്രേഡിങാണെന്ന് സെബി വ്യക്തമാക്കുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍, ഇത്തരം കമ്പനികളുമായി മിഷ്താന്‍ നടത്തിയ വാങ്ങല്‍, വില്‍പ്പന ഇടപാടുകള്‍ സാങ്കല്‍പ്പികം മാത്രമാണെന്നാണ് സെബി നിഗമനം. ഇതിനൊപ്പം അന്യായമായി വരുമാനം പെരുപ്പിച്ച് കാണിച്ചെന്നും സെബി അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. ദുബായിലുള്ള സബ്‌സിഡിയറിയുടെ വരുമാനം കൂടി ചേര്‍ത്താണ് 2024 ല്‍ കമ്പനി 967 കോടി രൂപയുടെ വരുമാനം കാണിച്ചത്. എന്നാല്‍ വിദേശ സബ്‌സിഡിയറിയുമായി നടത്തിയ ഇടപാട് വിവരങ്ങള്‍ കാണിക്കാന്‍ മിഷ്താന് സാധിക്കാത്തതിനാല്‍ ഇതും സാങ്കല്‍പ്പികമാണന്നാണ് സെബിയുടെ കണ്ടെത്തല്‍.
ഓഹരി വിറ്റ് മുതലാളി
2018 ഓഗസ്റ്റ് ഒന്നിന് 27.30 രൂപയിലായിരുന്നു മിഷ്താന്‍ ഫുഡ്‌സ് ഓഹരി വില. 2018 ഒക്ടോബറില്‍ 118.25 രൂപയിലെത്തിയ ഓഹരിയാണ് നിലവില്‍ എട്ടു രൂപയിലേക്ക് താഴ്ന്നത്. 2019 സാമ്പത്തികവര്‍ഷത്തില്‍ 10:1 അനുപാതത്തില്‍ ഓഹരി വിഭജിച്ചിരുന്നു. ശേഷം 1:1 അനുപാതത്തില്‍ ബോണസ് ഓഹരിയും മിഷ്താന്‍ നല്‍കിയിരുന്നു.
2024 ഏപ്രിലില്‍ മിഷ്താന്‍ 49.82 കോടി രൂപയുടെ അവകാശ ഓഹരി പുറത്തിറക്കിയിരുന്നു. റൈറ്റ് ഇഷ്യുവിലൂടെ സമാഹരിച്ച പണം ആര്‍ട്ട്‌ലേ, ക്രോപ്പ്‌ബെറി കമ്പനികള്‍ വഴി മിഷ്താന്‍ നേരിട്ട് അക്കൗണ്ടിലേക്ക് മാറ്റി. ശേഷം ജൂലായ്- ഓഗസ്റ്റ് കാലത്ത് കമ്പനിയുടെ ഏക പ്രമോട്ടര്‍ ഹിതേഷ്‍കുമാര്‍ ഗൗരിശങ്കര്‍ പട്ടേല്‍ 2.96 കോടി ഓഹരികള്‍ 16.75 രൂപ നിലവാരത്തില്‍ വിറ്റ് 49.58 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. 47 കോടി ഓഹരികള്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ ഇപ്പോഴുമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ ചിലവില്‍ അന്യായമായി സ്വയം സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന ഹിതേഷ്‍കുമാര്‍ ഗൗരിശങ്കര്‍ പട്ടേലിന്‍റെ തന്ത്രങ്ങളെക്കുറിച്ച് അറിയാത്ത റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് സെബി പറയുന്നു