ലോകത്തെ മുന്‍നിര കമ്പനികളെല്ലാം ലിസ്റ്റ് ചെയ്തിരിക്കുന്ന യുഎസ് വിപണിയില്‍ നിക്ഷേപിച്ചാലുള്ള നേട്ടത്തില്‍ നോട്ടമുണ്ടോ? ഇന്ത്യന്‍ ഓഹരി വിപണി പോലെ വിദേശ വിപണികളില്‍ നിക്ഷേപിക്കാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. അതും നിയമങ്ങളൊന്നും തെറ്റിക്കാതെ തന്നെ. മറ്റു വിപണികളിലെ വളര്‍ച്ചയുടെ നേട്ടം മുതലാക്കുന്നതിനൊപ്പം പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണവും ഇത്തരം നിക്ഷേപങ്ങളുടെ ഗുണമാണ്.
Also Read: വിപണിയില്‍ ഗംഭീര തിരിച്ചുവരവ്; കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് അപ്പര്‍സര്‍ക്യൂട്ടില്‍
ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം പ്രകാരം ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 2.50 ലക്ഷം ഡോളര്‍ വരെ വിദേശ വിപണിയില്‍ നിക്ഷേപിക്കാം. ഇന്ത്യയില്‍ നിന്ന് യുഎസ് വിപണിയിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഓഹരിയുടെ മുന്നേറ്റത്തിനൊപ്പം രൂപയുടെ ഇടിവും നിക്ഷേപകര്‍ക്ക് നേട്ടമാകും.
യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ പണം ഡോളറിലേക്ക് മാറ്റണം. ഇത് രൂപയ്ക്കെതിരെ ഡോളര്‍ ശക്തമാകുമ്പോഴുണ്ടാകുന്ന നേട്ടവും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സമ്മാനിക്കും.
മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപിക്കാം
വിദേശ ഫണ്ടുകളില്‍ എക്സ്പ്ലേഷര്‍ ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും എളുപ്പമാര്‍ഗം മ്യൂച്വല്‍ ഫണ്ടാണ്. വിദേശ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടിലെ ഇടിഎഫുകളിലെ നിക്ഷേപം നടത്താം. ഇതിനായി വിദേശ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല.
Also Read: അദാനിയുടെ രക്ഷകനും പണികിട്ടി; 3256.5 കോടി രൂപയുടെ നഷ്ടം; ജിക്യുജി ഓഹരികള്‍ 15 ശതമാനം ഇടിവില്‍
ആദിത്യ ബിർള സൺ ലൈഫ് നാസ്ഡാക്ക് 100 എഫ്ഒഎഫ്, ആക്സിസ് നാസ്ഡാക്ക് 100 എഫ്ഒഎഫ്, ബന്ധൻ യുഎസ് ഇക്വിറ്റി എഫ്ഒഎഫ്, ഡിഎസ്പി യുഎസ് ഫ്ലെക്സിബിൾ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട് തുടങ്ങിയ യുഎസ് വിപണിയില്‍ പങ്കാളിത്തമുള്ള മ്യൂച്വല്‍ ഫണ്ടുകളാണ്.
ഇന്ത്യന്‍ ബ്രോക്കര്‍മാര്‍
വിദേശ ബ്രോക്കറേജുമായി സഹകരിക്കുന്ന ബ്രോക്കറേജ് ഹൗസ് വഴിയും ഓഹരികളില്‍ നിക്ഷേപിക്കാം. ഇവ വിദേശ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും വിദേശ പങ്കാളികള്‍ വഴി സഹായമൊരുക്കും. ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ അക്കൗണ്ട് വഴി തന്നെ നിക്ഷേപിക്കാം. ഐസിഐസിഐ ഡയറക്ടിന്‍റെ ഗ്ലോബല്‍ഇന്‍വെസ്റ്റ്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഗ്ലോബല്‍ ഇന്‍വെസ്റ്റിങ്, ഐഎന്‍ഡിമണി എന്നിവ ഈ സേവനം നല്‍കുന്നവയാണ്.
വിദേശ ബ്രോക്കര്‍മാര്‍
ചില വിദേശ ബ്രോക്കറേജുകള്‍ ഇന്ത്യക്കാരെ അക്കൗണ്ട് ആരംഭിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇന്‍ററാക്ടീവ് ബ്രോക്കേഴ്സ്, ചാൾസ് ഷ്വാബ് ഇന്‍റര്‍നാഷണൽ, ടിഡി അമേരിട്രേഡ് എന്നിവ ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് അനുവദിക്കുന്നു. ഇത്തരം ബ്രോക്കറേജുകളുമായി അക്കൗണ്ട് ആരംഭിച്ച് അവരുടെ പ്ലാറ്റ്ഫോമിലൂടെ നിക്ഷേപം നടത്താം.
ശ്രദ്ധിക്കാം
വിദേശ വിപണിയിലെ നേട്ടത്തിനൊപ്പം ചിലവുകളെ സംബന്ധിച്ചും നിക്ഷേപകരുടെ ശ്രദ്ധ എത്തണം. ബ്രോക്കറേജ് ഫീസിനോടൊപ്പം ഫോറക്സ് കണ്‍വേര്‍ഷന്‍ ഫീ കൂടെ ഇത്തരം നിക്ഷേപങ്ങളില്‍ ബാധകമാകും. വിദേശത്ത് നിക്ഷേപം നടത്തിയ ശേഷമുണ്ടാകുന്ന നേട്ടത്തിന് ഇന്ത്യയില്‍ നികുതി നല്‍കണം.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം തുടരുമ്പോള്‍ 12.50 ശതമാനമാണ് മൂലധനനേട്ട നികുതി വരുന്നത്. രണ്ടു വര്‍ഷത്തില്‍ കുറവാണ് ഹോള്‍ഡിങ് പിരിയഡെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ടം നിക്ഷേപകന്‍റെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി കണക്കാക്കും.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)