ഒരു വർഷം കൊണ്ട് 51 രൂപയിൽ നിന്ന് 1,200 രൂപയിലേക്ക് കുതിച്ച ഓഹരിയാണ് ഭാരത് ഗ്ലോബൽ ഡെവലപ്പേഴ്സ്. എന്നാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓഹരിയുടെ വ്യാപാരം തടഞ്ഞിരിക്കുകയാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി.
ഇതോടൊപ്പം കമ്പനി പ്രമോട്ടർമാരെയും സെബി വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച തീരുമാനം വന്നതിന് പിന്നാലെ ഭാരത് ഗ്ലോബൽ ഡെവലപ്പേഴ്സ് ഓഹരി അഞ്ച് ശതമാനം ലോവർ സർക്യൂട്ടിലേക്ക് വീണിരുന്നു. ചൊവ്വാഴ്ച മുതൽ ഓഹരിയുടെ വ്യാപാരം അവസാനിക്കുകയും ചെയ്തു.
കമ്പനിയുടെ സാമ്പത്തികത്തെ പറ്റി ഉയർന്ന സമൂഹ മാധ്യമ പോസ്റ്റുകളും ചില പരാതികളെയും തുടർന്നാണ് ഓഹരിക്കെതിരെ നടപടി വരുന്നത്. കമ്പനിയുടെ ഓഹരി വിലയിൽ വലിയ മുന്നേറ്റമാണ് ഒരു വർഷത്തിനിടെ ഉണ്ടായിരുന്നത്. 2023 ഡിസംബർ 23 ന് 51.42 രൂപ വിലയുണ്ടായിരുന്ന ഓഹരി 2024 ഡിസംബർ 23 ന് 1,236.45 രൂപയിലാണ് വ്യാപാരം നടത്തിയത്. 2,304 ശതമാനത്തിൻറെ വർധനവാണ് ഒരു വർഷത്തിനിടെ ഉണ്ടായത്.
12,500 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഫ്രീഫ്ലോട്ട് വാല്യു 125.20 കോടി രൂപ മാത്രമാണ്. അതായത് വിപണി മൂല്യത്തിൻറെ ഒരു ശതമാനം. കമ്പനിയുടെ ട്രേഡ് ചെയ്യുന്ന ഓഹരികളെ അടിസ്ഥാനമാക്കിയുള്ള വിപണി മൂല്യമാണ് ഫ്രീ ഫ്ലോട്ട് വ്യാല്യു. 2022 ജനുവരിയിൽ 14 രൂപ വിലയുണ്ടായിരുന്ന ഓഹരി 8,730 ശതമാനമാണ് ഇതിനിടെയിൽ ഉയർന്നത്.
Also Read: 'അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു കമ്പനി തന്നെയില്ല'; മിഷ്താന്‍ ഫുഡ്‌സില്‍ നടന്നത് വലിയ തട്ടിപ്പ്
സെബിയുടെ അന്വേഷണത്തിൽ കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടുകളിൽ യഥാർഥ സാമ്പത്തിക സ്ഥിതിയല്ല ചിത്രീകരിക്കുന്നത് എന്ന് കണ്ടെത്തി. 2023 ൽ ഭാരത് ഗ്ലോബലിൻറെ വരുമാനം, ചിലവ്, പണമൊഴുക്ക് എന്നിവ കുറവായിരുന്നു. 2024 മാർച്ചിലെ സാമ്പത്തിക റിപ്പോർട്ടിൽ വരുമാനത്തിലും ചിലവിലും വലിയ വർധനവ് രേഖപ്പെടുത്തി.
ഈസമയത്ത് കമ്പനിയുടെ മാനേജ്മെന്റിലും വലിയ അഴിച്ചുപണി നടന്നു. വലിയ അളവിൽ മുൻഗണന ഓഹരികൾ അനുവദിക്കുകയും ഉയർന്ന മൂല്യത്തിലുള്ള ബിസിനസ് ഇടപാടുകൾ അരങ്ങേറുകയും ചെയ്തു. 2024 ഒക്ടോബർ 30ന് കമ്പനിയുടെ കീഴിൽ പുതിയതായി ആറ് സബ്സിഡിയറികളുണ്ടാക്കി.
Also Read: ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടം; പ്രമുഖരെ പിന്നിലാക്കി യൂസഫലി; 2024 ലെ നേട്ടം ഇങ്ങനെ
മുൻഗണന ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിക്കുന്നതിന് ഒരുദിവസം മുൻപാണിത് നടന്നത്. ഏപ്രിലിലും ഓഗസ്റ്റിലുമായി രണ്ട് തവണ 41 പേർക്കാണ് മുൻഗണന ഓഹരി അനുവദിച്ചത്. അവരെ പൊതു ഓഹരി ഉടമകളായാണ് കണക്കാക്കിയിരിക്കുന്നത്. ഇതെല്ലാം സംശയാസ്പദമാണെന്നാണ് സെബി അന്വേഷണത്തിലുള്ളത്.
കമ്പനി ഡിസംബർ 26 ന് റെക്കോർഡ് തീയതി നിശ്ചയിച്ച് ഓഹരി വിഭജനവും ബോണസ് ഓഹരികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയും വിലക്കിയിട്ടുണ്ട്. വിഷയത്തിൽ സെബി ഉടനെ വിപുലമായ അന്വേഷണം ആരംഭിക്കും. ഇടക്കാല ഉത്തരവിൽ എം.ഡി, സിഇഒ, ഡയറക്ടേഴ്സ് അടക്കം 17 പേരെ സെബി വിലക്കിയിട്ടുണ്ട്. ഇവർക്ക് സെബി മാർക്കറ്റിൽ പങ്കെടുക്കാനോ മറ്റു ലിസ്റ്റഡ് കമ്പനികളുടെ ഭാഗമാകാനോ സാധിക്കില്ല.