mobile-phone

വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മൊബൈൽ ഡാറ്റ ഉപയോ​ഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷൻ എന്ന നിലയ്ക്കാണ് ട്രായ് മാറ്റങ്ങൾ കൊണ്ടുവന്നത്. 

വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകളാണ് നിലവിൽ ടെലികോം കമ്പനികൾ റീചാർജ് ഓപ്ഷനായി നൽകുന്നത്. പ്രമുഖ കമ്പനിയുടെ 72 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയും ഒടിടി സബ്സ്ക്രിപ്ഷനുമാണ് ഉൾകൊള്ളുന്നത്.  ഇന്റർനെറ്റ്  സൗകര്യം ആവശ്യമില്ലാത്തവരടക്കം നിലവിൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കാൻ നി‌ർബന്ധിതരാകുന്നുണ്ട്. 

ഇത് ഒഴിവാക്കാനാണ് ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയത്. ഈ നീക്കത്തോടെ ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കാത്ത ഡാറ്റയ്ക്കാതെ അധിക പണം ചെലവാക്കുന്നതിന് പകരം ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകിയാൽ മതിയാകും. 

ഇതോടൊപ്പം സ്പെഷ്യൽ റീചാർജ് വൗച്ചറുകളുടെ പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും ട്രായ് ആവശ്യപ്പെട്ടു. കമ്പനികൾ വോയിസ്, എസ്എംഎസ് എന്നിവ മാത്രമുള്ള ഒരു റീചാർജ് ഓപ്ഷനെങ്കിലും അവതരിപ്പിക്കമമെന്നാണ് ട്രായിയുടെ ആവശ്യം. ഇതിന് 365 ദിവസത്തിൽ കൂടാത്ത കാലാവധിയും ട്രായ് നിർദ്ദേശിക്കുന്നു.

നിലവിലെ ടോപ്പ് അപ്പ് റീചാർജ് രീതിയിലും ട്രായ് മാറ്റം ആവശ്യപ്പെടുന്നുണ്ട്. 10 രൂപയുടെ ​ഗുണിതങ്ങളായാണ് നിലവിൽ റീചാർജ്. എന്നാൽ ഇനി മുതൽ 10 രൂപയ്ക്ക് ശേഷം ഏത് രൂപയ്ക്കും റീചാർജ് ചെയ്യാം. 

നേരത്തെ ട്രായ് നടത്തിയ സർവെയിൽ മുതിർന്ന പൗരന്മാരും വീട്ടിൽ ബ്രോഡ് ബാൻഡ് സൗകര്യമുള്ളവരും വോയിസ്-എസ്എംഎസ് പാക്കുകൾ മാത്രമുള്ള റീചാർജ് ഓപ്ഷനാണ് താൽപര്യപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.  ഇന്ത്യയിലെ 15 കോടി 2ജി ഉപഭോക്താക്കളെയും ഡ്യുവൽ സിം ഉപയോ​ഗിക്കുന്നവരെയും ഈ നീക്കം സഹായിക്കും.

ഫീച്ചർ ഫോൺ ഉപയോ​ഗിക്കുന്നവർക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകേണ്ടി വരില്ല. ഡാറ്റയ്ക്കും ഫോൺ കോളിനും പ്രത്യേക സിം എന്ന രീതിയിൽ ഡ്യുവൽ സിം ഉപയോ​ഗിക്കുന്നവർക്ക് തരംതിരിച്ച് റീചാർജ് ചെയ്യാനും ഇതോടെ സാധിക്കും. 

ഉപഭോക്താക്കൾക്ക് അനുകൂലമായ ട്രായ് തീരുമാനം സ്വകാര്യ ടെലികോം കമ്പനികൾക്ക് തിരിച്ചടിയാണ്. നിലവിലെ 2ജി ഉപഭോക്താക്കളെ അടക്കം 4ജി/5ജി സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് മുൻനിര ടെലികോം കമ്പനികൾ ശ്രമിക്കുന്നത്.

ഈ ഉപഭോക്താക്കളെ കൂടി ലഭിച്ചാൽ മാത്രമെ കമ്പനികളുടെ വരുമാനം വർധിക്കുകയുള്ളൂ. അൺലിമിറ്റഡ് ഡാറ്റയും വോയിസ് സേവനങ്ങളും ഉൾപ്പെടുന്ന ബണ്ടിൽഡ് പ്ലാനുകൾ വഴി കമ്പനികൾക്ക് ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം (എആർപിയു) വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രായിയുടെ ഉത്തരവ്. 

ENGLISH SUMMARY:

The Telecom Regulatory Authority of India (TRAI) has directed telecom companies to introduce special recharge plans exclusively for voice calls and SMS. This move aims to provide suitable options for consumers who do not use mobile data.