Image Credit: lloyds.in

മഹാരാഷ്ട്രയില്‍ ഖനി തൊഴിലാളികള്‍ക്ക് 5.60 കോടി രൂപയുടെ ഓഹരികള്‍ കൈമാറി ലോയിഡ്സ് മെറ്റല്‍സ് ആന്‍ഡ് എനര്‍ജി ലിമിറ്റഡ്. മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ഗഡ്ചിറോളി ജില്ലയിലാണ് ഇരുമ്പയിര് ഖനി പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ച 1,415 രൂപ വില വരുന്ന ഓഹരി 4 രൂപ നിരക്കിലാണ് തൊഴിലാളികള്‍ക്ക് അനുവദിച്ചത്. 

കമ്പനിയില്‍ രണ്ട് വര്‍ഷകാലമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍റെ നേട്ടം ലഭിക്കുക. ഇതില്‍ 80 ശതമാനവും ഖനി തൊഴിലാളികളാണ്. വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ളവരും കീഴടങ്ങിയ മുൻ മാവോയിസ്റ്റുകളുമാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്ത ചടങ്ങിലാണ് ഓഹരികള്‍ കൈമാറിയത്.

ഓഹരികൾ തൊഴിലാളികളെ  കമ്പനി ഉടമകളാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു അഞ്ച് വർഷം കൂടി കാത്തിരിക്കൂ, നിങ്ങൾക്ക് അഞ്ചിരട്ടി റിട്ടേൺ ലഭിക്കും, ബി പ്രഭാകരൻ മാനേജിംഗ് ഡയറക്ടർ ആണെങ്കിൽ, നിങ്ങളാണ് ഉടമകൾ എന്നിങ്ങനെയാണ് ഫഡ്‌നാവിസ് പറഞ്ഞതെന്ന് ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

42,800 ഓരികളാണ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ വഴി കമ്പനി നാല് രൂപ നിരക്കില്‍ അനുവദിച്ചത്. വെള്ളിയാഴ്ചയിലെ വിപണി വിലയായ 1,415 രൂപ അനുസരിച്ച് 5.8 കോടി രൂപയുടേതാണ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍. കമ്പനിയുടെ സഹ സ്ഥാപനമായ ലോയ്ഡ് എന്‍ജിനീയറിങ് വര്‍ക്ക്സ് 5.60 കോടി രൂപയുടെ ഓഹരിയും തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. 

74,195 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 2025 ലെ വ്യാപാരത്തില്‍ 14 ശതമാനമാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ 135.52 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍.  ഏഴു വര്‍ഷം മുന്‍പ് 1.10 കോടി ഓഹരികളുടെ സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 1.70 ലക്ഷം ഓഹരികള്‍ ഇതില്‍ ബാക്കിയുണ്ട്. ഇതിന് 23 കോടി രൂപ മൂല്യം വരും. 

എക്സിക്യൂട്ടീവുകളെ തട്ടിക്കൊണ്ടുപോകലും മാവോയിസ്റ്റുകൾ ആക്രമണവും ഉൾപ്പെടെയുള്ള കനത്ത പ്രതിരോധമാണ് ആരംഭിച്ച കാലം മുതല്‍ ലോയിഡ് മെറ്റല്‍സിന് നേരിടേണ്ടി വന്നത്. 2021-2024 സാമ്പത്തിക വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വരുമാനം 24 മടങ്ങ് വർധിച്ച് 6,575 കോടി രൂപയായി. 

ENGLISH SUMMARY:

Lloyds Metal and Energy Limited handed over shares worth Rs 5.60 crore to mine workers in Maharashtra’s Gadchiroli district, a Maoist-affected region where its iron ore mine operates. On Friday, shares valued at Rs 1,415 each were provided to workers at a concessional rate of Rs 4 per share.