investment

ചെറിയപ്രതിമാസ നിക്ഷേപത്തിലൂടെ ഒരു ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുന്ന 'ഹര്‍ ഗര്‍ ലക്ഷ്പതി' പദ്ധതി ആരംഭിച്ച് എസ്ബിഐ. ആവര്‍ത്തന നിക്ഷേപ മാതൃകയില്‍ മൂന്ന് മുതല്‍ 10 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തേണ്ടത്. ഓരോ കാലാവധിക്കും വ്യത്യസ്ത പലിശ നിരക്കാണ് എസ്ബിഐ നല്‍കുന്നത്. 

10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. 60 വയസിന് താഴെയാണ് പ്രായമെങ്കില്‍ 3-4 വര്‍ഷത്തേക്ക് 6.75 ശതമാനാമണ് പലിശ. 5-10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനവും 7 ശതമാനവുമാണ് പലിശ നിരക്ക്. 

മൂന്ന് വര്‍ഷത്തേക്ക് 6.75 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 2,502 രൂപയാണ് പ്രതിമാസ നിക്ഷേപമായി വേണ്ടത്. നാല് വര്‍ഷത്തേക്കാണെങ്കില്‍ 1812 രൂപയും അഞ്ച് വര്‍ഷത്തേക്ക് 1409 രൂപയുമാകും പ്രതിമാസ നിക്ഷേപം. 10 വര്‍ഷത്തേക്ക് 593 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ 6.50 ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ സ്വന്തമാക്കാം.  

നിക്ഷേപത്തിന് മൂന്ന് വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുണ്ട്. നേരത്തെ പിന്‍വലിച്ചാല്‍ പിഴ നല്‍കണമെന്നര്‍ഥം. 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് അരശതമാനമാണ് പിഴ. അതിന് മുകളില്‍ ഒരു ശതമാനം പിഴ ഈടാക്കും. തുടര്‍ച്ചയായ ആറു തവണകള്‍ നിക്ഷേപിക്കാതിരുന്നാല്‍ ആവര്‍ത്തന നിക്ഷേപം അവസാനിപ്പിച്ച് ബാലന്‍സ് തുക സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റും. 

സ്ഥിര നിക്ഷേപം പോലെ ആവര്‍ത്തന നിക്ഷേപത്തിലെ പലിശ വരുമാനവും ടാക്സ് സ്ലാബ് അനുസരിച്ചാണ് ഈടാക്കുക. പലിശ 40,000 രൂപയില്‍ അധികമായാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. സുരക്ഷിത നിക്ഷേപം നോക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷയും ഗ്യാരണ്ടിഡ് റിട്ടേണും ഉറപ്പു നല്‍കുന്ന നിക്ഷേപമാണിത്.   

ENGLISH SUMMARY:

SBI launches ‘Har Ghar Lakshmipati’ scheme, a secure recurring deposit plan to earn Rs 1 lakh. Check monthly deposit requirements, interest rates, and tax details.