രാജ്യാന്തര തലത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വിപണന ശൃംഖലയായ കെന്‍റകി ഫ്രൈഡ് ചിക്കന്‍ അഥാവ കെഎഫ്സിയുടെ സ്ഥാപകനാണ് കേണൽ ഹാര്‍ലൻഡ് സാൻഡേർസ്. 1890 ല്‍ ജനിച്ച് 1980 തില്‍ മരിച്ച ഈ അമേരിക്കന്‍ ബിസിനസുകാരന്‍ എന്താണ് കേരള ബജറ്റില്‍ നല്‍കിയ പങ്ക്. കെഎഫ്സി എന്ന ആശയം നടപ്പിലാക്കുമ്പോൾ സാൻഡേർസിന് 65 വയസ്. ഇത്തരം പ്രചോദനങ്ങള്‍ ഉള്‍കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ന്യൂ ഇന്നിങ്സ് എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ന്യൂ ഇന്നിങ്സ്. അഞ്ച് കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിരിക്കുന്നത്. തുകയുടെ വലിപ്പത്തിനപ്പുറം മുതിര്‍ന്ന പൗരന്മാരെയും അവരുടെ കാഴ്ചപാടുകളെയും പരിചയത്തെയും കാര്യക്ഷമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി എന്നതാണ് ബജറ്റിലെ പ്രത്യേകത.
ലോകത്തിലെ പ്രമുഖരായ ചില വ്യവസായികള്‍ വാണിജ്യരംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിര്‍ന്ന പൗരന്മായതിനു ശേഷമാണെന്ന കാര്യം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പദ്ധതി സഹായിക്കുമെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
കേരളത്തിലെ വലിയൊരുളവ് മുതിര്‍ന്ന പൗരന്മാരും ജോലിക്ക് ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. ഇത്തരക്കാരുടെ പരിചയവും കാഴ്ചപാടുകളും കേരളത്തിന്‍റെ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയിലൂടെ മുതിര്‍ന്നവരുടെ ആശയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ കേരളത്തിന്‍റെ വികസനത്തിന് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സാൻഡേർസിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ പല ബിസിനസുകള്‍ ചെയ്ത് ദരിദ്രനായെങ്കിലും അദ്ദേഹം പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടെയിരുന്നു. സ്വയം ചിക്കന്‍ രുചിക്കൂട്ടുമായി അതും 65–ാം വയസില്‍ ആരംഭിച്ച സംരംഭമാണ് കെ.എഫ്.സി. പിന്നീടിത് രാജ്യങ്ങള്‍ പിന്നിട്ട് ലോക ചരിത്രത്തിന്‍റെ ഭാഗമായി. ഇരുപതു വർഷം കൂടി കെ.എഫ്.സിക്കൊപ്പം സഞ്ചരിച്ച ശേഷമാണ് സാൻഡേർസ് 90-ാമത്തെ വയസില്‍ മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ചിത്രമാണ് കെഎഫ്സിയുടെ ലോഗോയിൽ നിറഞ്ഞു നിൽക്കുന്നത്.