സമഗ്രമായ ജനിതക പരിശോധന വഴി രോഗങ്ങളും രോഗസാധ്യതകളും കണ്ടെത്തുന്ന വെൽജീനോം പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ഉമിനീർ ശേഖരിച്ചാണ് ജനിതക പരിശോധന നടത്തുന്നത്.
ബയോവെൽ ഫങ്ഷണൽ ഹോസ്പിറ്റലിന്‍റെയും നാനോടെക്നോളജി സ്‌ഥാപനമായ മാഗ്ജീനോം ടെക്നോളജീസിന്‍റെയും സംയുക്ത സംരംഭമായ വെൽജീനോം കൊച്ചിയിൽ കെഎസ്‌ഐഡിസിസി ചെയർമാൻ സി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 29600 രൂപ വില വരുന്ന പരിശോധനാ കിറ്റ് വഴി ഉമിനീർ ശേഖരിച്ചാണ് ജനിതക പരിശോധന നടത്തുന്നത്. ജനിതക വിശകലനം വഴി വ്യക്തിഗത ചികിത്സാ പദ്ധതികളും പോഷകാഹാര മാർഗനിർദേശങ്ങളും വെൽജീനോം നൽകും.
ജനിതക രോഗ സാധ്യതകൾ വിലയിരുത്തി, അവ തിരിച്ചറിയുകയും, അനുയോജ്യമായ ജീവിതശൈലി മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന സമഗ്രമായ ജനിതക പരിശോധനയാണ് വെൽജിനോം നൽകുന്നത്. രോഗസാധ്യത മുൻകൂട്ടി അറിയുക വഴി രോഗം വരുന്നത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള മാർഗം തേടാം.
ഡോ. എ ശ്രീകുമാറും ഡോ. സി.എൻ. രാംചന്ദുമാണ് വെൽ ജീനോമിന്റെ ഫൗണ്ടിങ് പാർട്ണർമാർ. വിവിധ ആശുപത്രികളുമായി പങ്കാളിത്തത്തിനുള്ള ചർച്ചകൾ നടന്നുവരുന്നു.