മരടില്‍ നാട്ടുകാര്‍ക്ക് തലവേദനയായി ലഹരി തലയ്ക്ക് പിടിച്ച് യുവാക്കളുടെ പരാക്രമം. മരട് വാകയിൽ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ കാണാന്‍ തിരുവനന്തപുരത്തു നിന്നെത്തിയ സുഹൃത്തുക്കളാണ് ലഹരിതലയ്ക്ക് പിടിച്ച് പരാക്രമം കാട്ടിയത്. നാട്ടുകാര്‍ വിവരമറിയിച്ച പൊലീസ് സ്ഥലതെത്തിയെങ്കിലും ഇഴജന്തുക്കളെക്കാള്‍ മോശമായിരുന്നു യുവാക്കളുടെ അവസ്ഥ. വഴിയില്‍ ചുരുണ്ടൂകൂടി കിടന്ന യുവാവിനെ സുഹൃത്തുക്കള്‍ കൈകാലുകളില്‍ തൂക്കിയെടുത്താണ് വീട്ടിലേക്ക് കൊണ്ടുപോയത്. സുഹൃത്തുക്കളും നല്ലഫോമിലായിരുന്നു. ലഹരിയില്‍ കുഴഞ്ഞാടിയ യുവാക്കളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. പേരും മേല്‍വിലാസം പോലും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന യുവാക്കളെ വീട്ടിലേക്ക് മാറ്റി പൊലീസ് മടങ്ങി. സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ പുലിവാലാകുമെന്ന് ഉറപ്പായതിനാല്‍ അടുത്ത ദിവസം രാവിലെ സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശം. എന്നാല്‍ പിറ്റേ ദിവസം പൊലീസ് എത്തുമ്പോളേക്കും എല്ലാവരും സ്ഥലംവിട്ടു.