Image Credit: X/ShivrattanDhil1
ഓഹരി വിപണിയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് വലിയ സാധ്യതകളുണ്ട്. ചെറിയ തുക ലക്ഷങ്ങളും കോടികളുമാകുന്നത് ദീര്‍ഘകാല നിക്ഷേപത്തിലൂടെയാണ്. എന്നാല്‍ വീട് വൃത്തിയാക്കുന്നതിനിടെ ലക്ഷാധിപതിയായിരിക്കുകയാണ് ചത്തീസ്ഗഡ് സ്വദേശി രത്തന്‍ ദില്ലന്‍. വീട്ടില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
Also Read: രാജ്യാന്തര സ്വര്‍ണ വില റെക്കോര്‍ഡില്‍; കേരളത്തില്‍ നാളെ സ്വര്‍ണ വില കത്തും!
10 രൂപയ്ക്ക് 1998 ല്‍ വാങ്ങിയ 30 റിലയന്‍സ് ഓഹരികളുടെ ഓഹരി സര്‍ട്ടിഫിക്കറ്റുകളാണ് വീട്ടില്‍ നിന്നും ലഭിച്ചത്. ഓഹരി വിപണിയെ പറ്റി വലിയ ധാരണയില്ലാത്ത ധില്ലന്‍ ചിത്രം എക്സില്‍ പങ്കുവച്ചു. ഈ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ വിദഗ്ധരുടെ സഹായം ആരാഞ്ഞാണ് പോസ്റ്റ്. ഇതിനോടകം വൈറലായ പോസ്റ്റ്. പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്.
1988 ഫെബ്രുവരി നാലിന് 10 ഓഹരികളും അഞ്ചാം തീയതി ഇരുപത് ഓഹരികളുമാണ് വാങ്ങിയത്. മൂന്ന് ഓഹരി വിഭജനവും രണ്ട് ബോണസ് ഓഹരി കൈമാറ്റവും ഇതിനിടയില്‍ റിലയന്‍സ് ഓഹരികളില്‍ നടന്നു. ഇത് അടക്കം ഓഹരികളുടെ എണ്ണം 960 എണ്ണമാകും. ഇതോടെ നിക്ഷേപമൂല്യം 11 -12 ലക്ഷത്തിന് ഇടയിലാകും എന്നാണ് കണക്ക് കൂട്ടല്‍. ഓഹരി വാങ്ങിയ ആള്‍ നിലവില്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ തന്നെ എങ്ങനെ ഓഹരി സ്വന്തം പേരിലേക്ക് മാറ്റം എന്ന നിര്‍ദ്ദേശങ്ങള്‍ നിരവധി പേരാണ് നല്‍കുന്നത്. റിലയന്‍സ് ഓഹരികള്‍ വെള്ളിയാഴ്ച 0.83 ശതമാനം ഇടിവില്‍ 1246.65 രൂപയിലാണ് ക്ലോസ് ചെയ്തത്.
സ്റ്റോക്ക് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ, സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി (ഐഇപിഎഫ്എ) എന്നിവയടക്കം കമന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് ഓഹരിയുടെ ഉടമസ്ഥാവകാശം കണ്ടെത്തുക എന്നത് സംബന്ധിച്ച് ഐഇപിഎഫ്എ വിശദമായ കുറിപ്പ് കമന്‍റായി നല്‍കിയിട്ടുണ്ട്.
നിശ്ചിത വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലെയിം ചെയ്യാത്ത ഓഹരികള്‍ ഐഇപിഎഫ്എയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും വെബ്സൈറ്റിലൂടെ ഇത് പരിശോധിക്കാമെന്നും ഐഇപിഎഫ്എ കമന്‍റ് ചെയ്തു.