പ്രതീകാത്മക ചിത്രം
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ (എഫ്ആന്‍ഡ്ഒ) പങ്കെടുക്കുന്ന റീട്ടെയില്‍ നിക്ഷേപകരുടെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന നിക്ഷേപര്‍ അതിന് യോഗ്യരാണോ എന്ന് നിശ്ചയിക്കുന്ന പരീക്ഷകള്‍ നടത്താന്‍ സെബി മുന്‍കൈ എടുക്കുന്നതായാണ് വിവരം.
ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അജണ്ട സെബിയുടെ സെക്കൻഡറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് മുന്നിലുണ്ട്. വിഷയത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും വിഷയം കമ്മിറ്റി ഉടന്‍ പരിഗണിക്കുമെന്നും എന്‍ഡിടിവി പ്രൊഫിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
എഫ് ആന്‍ഡ് ഒ ട്രേഡിംഗിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന റീട്ടെയില്‍ വ്യാപാരിക്ക് ആവശ്യമായ ഫണ്ടും അപകടസാധ്യതകളെക്കുറിച്ചുള്ള അറിവുമുണ്ടോ എന്ന് തിരിച്ചറിയുകയാണ് സെബി ഉദ്യേശിക്കുന്നത്. യോഗ്യത നിശ്ചയിക്കാന്‍ പരീക്ഷയും പരിഗണനയിലുണ്ട്.
ഫ്യൂച്ചറുകളിലും ഓപ്‌ഷനുകളിലും വ്യക്തിഗത നിക്ഷേപകരുടെ വ്യാപാരം വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാന്‍ ഇത് സഹായകമാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഫ്യൂചര്‍ ആന്‍ഡ് ഓപ്ഷന്‍ വ്യാപാരതോത് കുറയ്ക്കാന്‍ സെബി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇതിന് പിന്നാലെ ഡെറിവേറ്റീവ് വിപണിയിലെ ട്രേഡിങ് വോള്യം കുറഞ്ഞതിനാൽ എക്സ്ചേഞ്ചുകളുടെയും ബ്രോക്കർമാരുടെയും വരുമാനത്തിലും ഇടിവ് വന്നിരുന്നു. റീട്ടെയില്‍ നിക്ഷേപകരെ സുരക്ഷിതരാക്കാന്‍, എക്സ്ചേഞ്ചുകൾ ഒരു പ്രതിവാര ഓപ്ഷൻ കരാർ മാത്രമേ നൽകാവൂ എന്ന് സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബ്രോക്കർമാർക്ക് ഇടപാടുകാരിൽ നിന്ന് മുൻകൂറായി ഓപ്ഷൻ പ്രീമിയം വാങ്ങാനും സെബി അനുമതി നല്‍കിയിട്ടുണ്ട്. സെബിയുടെ ഇകടക്കമുള്ള തീരുമാനങ്ങള്‍ 20 ശതമാനം റീട്ടെയില്‍ ട്രേഡര്‍മാരുടെ പിന്മാറ്റത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്.