Image:PTI
സ്റ്റോക്ക് മാര്‍ക്കറ്റ് 'തട്ടിപ്പു'കേസില്‍ സെബി മുന്‍ ചെയര്‍പഴ്സന്‍ മാധബി പുരി ബുച്ചിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം ബോംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ. മാധബിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക കോടതിയാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. മാര്‍ച്ച് ഒന്നിനിറങ്ങിയ ഈ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെ തീര്‍ത്തും യാന്ത്രികമായി തയ്യാറാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശിവ്കുമാര്‍ ദിഗെയുടെ സിംഗിള്‍ ബഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്.
കേസെടുക്കാനുള്ള പ്രത്യേക കോടതി വിധിക്കെതിരെ മാധബി, സെബിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ അശ്വനി ഭാട്യ, അനന്ത് നാരായണന്‍ ജി, കമലേഷ് ചന്ദ്ര വാര്‍ഷ്നി, ബിഎസ്ഇ ഉദ്യോഗസ്ഥരായ രാമമൂര്‍ത്തി, പ്രമോദ് അഗര്‍വാള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. 1994ല്‍ ഒരു കമ്പനിയെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കാണ് പ്രത്യേക കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.
മാധ്യമപ്രവര്‍ത്തകനായ സപന്‍ ശ്രീവാസ്തവയാണ് ആരോപണവുമായി കോടതിയെ സമീപിച്ചത്. വിപണിയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുമാറ് സെബി ഉദ്യോഗസ്ഥര്‍ പെരുമാറിയെന്നും 1992 ലെ സെബി നിയമത്തിന് വിരുദ്ധമായി ലിസ്റ്റിങ് അനുവദിച്ചുവെന്നുമായിരുന്നു സപന്‍റെ ആരോപണം. നിയമപരമായി നേരിടുമെന്നായിരുന്നു സെബി ഇതിനോട് പ്രതികരിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉയര്‍ത്തിയതെന്നും സെബി വിശദീകരിച്ചിരുന്നു.
അദാനി ഗ്രൂപ്പിന്‍റെ രഹസ്യ വിദേശ സ്ഥാപനങ്ങളില്‍ സെബി മുന്‍ ചെയര്‍പഴ്സനായ മാധബി ബുച്ചിന് ബന്ധമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളിലാണ് നിക്ഷേപമെന്നും മൗറീഷ്യസ്, ബര്‍മുഡ എന്നിവിടങ്ങളിലാണ് നിക്ഷേപമെന്നുമായിരുന്നു ആരോപണം. 2015 ല്‍ സിംഗപ്പുരിലാണ് ഇവര്‍ ആദ്യം അക്കൗണ്ട് തുറന്നതെന്നും സെബിയില്‍ അംഗമായതോടെ കൈകാര്യച്ചുമതല ഭര്‍ത്താവിനെ ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ആരോപണമെന്നും നിക്ഷേപങ്ങളെല്ലാം താന്‍ പരസ്യപ്പെടുത്തിയതാണെന്നുമായിരുന്നു മാധബി ബുച്ചിന്‍റെ നിലപാട്.
Google Trending Topic- Madhabi Puri Buch