ഗാര്‍ഹിക പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് വില 550 രൂപയും മറ്റുള്ളവര്‍ക്ക് 853 രൂപയുമാകും. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചെങ്കിലും ചില്ലറവിപണിയില്‍ വിലകൂടില്ല. ആഗോള വിപണിയിലെ വിലക്കുറവിന്‍റെ ആനുകൂല്യവും പൊതുജനങ്ങൾക്കു ലഭിക്കില്ല.
ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനുപിന്നാലെ ആഗോള വിപണിയില്‍ ക്രൂഡിന്‍റെ വില കുറഞ്ഞിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതോടെ വിലക്കുറവ് ഇന്ത്യയില്‍ പ്രതിഫലിക്കില്ല. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് എക്സൈസ് തീരുവ കൂട്ടിയത്. ചില്ലറവില്‍പന വില വര്‍ധിപ്പിക്കില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
എക്സൈസ് തീരുവ കൂട്ടിയയിനത്തിലുണ്ടാകുന്ന നഷ്ടം നികത്താനാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്ക് വില 500 രുപയില്‍നിന്ന് 550 ആയും മറ്റുള്ളവര്‍ക്കും 803ല്‍നിന്ന് 853 ആയും വര്‍ധിക്കും.
വില വര്‍ധനയിലൂടെ 43,000 കോടി രൂപയുടെ നഷ്ടം നികത്താനാണ് ലക്ഷ്യമിടുന്നത്. എക്സൈസ് തീരുവ വര്‍ധന നാളെ പ്രാബല്യത്തിലാവും. ആഗോളവിപണിയില്‍ ക്രൂഡ് വില നാലു വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. ആനുപാതികമായി എണ്ണ വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനുണ്ടാകുന്ന നികുതി വരുമാനത്തിലെ കുറവ് നികത്താനാണ് എക്സൈസ് തീരുവ കൂട്ടിയതെന്നാണു നിഗമനം.