നമ്മുടെ എറണാകുളത്തേക്കാൾ കുഞ്ഞനാണ് ആഫ്രിക്കൻ രാജ്യമായ ലെസോത്തോ. 2.3 ദശലക്ഷം ജനസംഖ്യയുള്ള, 2.5 ബില്യൺ ഡോളറിന്‍റെ ആഭ്യന്തര ഉല്‍പാദനമുള്ള (ജിഡിപി) കുഞ്ഞൻ രാജ്യത്തിന് ട്രംപ് ചുമത്തിയ നികുതി 50 ശതമാനമാണ്! യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി പട്ടികയിൽ ഏറ്റവും വലിയ 'ശിക്ഷ'. ഇന്ന് ട്രംപിന്‍റെ തിരിച്ചടിത്തീരുവ പ്രാബല്യത്തിൽ വരുന്നതോടെ സമ്പദ്‍വ്യവസ്ഥ ആകെ തകിടം മറിയുമെന്ന ആശങ്കയിലാണ് രാജ്യം.
മാർച്ചിൽ തിരിച്ചടിത്തീരുവയെ പറ്റി സംസാരിക്കുമ്പോൾ, 'ആരും ഇതുവരെ കേട്ടിട്ടില്ലാത്ത സ്ഥലം' എന്നാണ് ലെസോത്തോയെ പറ്റി ട്രംപ് പറഞ്ഞത്. എന്നാൽ ലെവിസിന്റെയോ റാങ്ക്ലര്‍ ജീൻസ് വാങ്ങുന്ന അമേരിക്കരാന് അറിയുന്ന രാജ്യമാണ് ലെസോത്തോ. യുഎസിലേക്കുള്ള ഭൂരിഭാഗം ജീൻസുകളും നിർമിക്കുന്നത് ഈ ആഫ്രിക്കൻ രാജ്യത്തു നിന്നാണ്.
വലിയ നികുതിക്ക് കാരണം
2023 ൽ ലെസോത്തെ 237 മില്യൺ ഡോളറിന്‍റെ കയറ്റുമതിയാണ് യു.എസിലേക്ക് നടത്തിയത്. യുഎസില്‍ നിന്നും തിരികെയുള്ള ഇറക്കുമതി 2.8 മില്യൺ ഡോളര്‍ മാത്രം. ഇതിടെ വലിയ വിടവാണ് നികുതിയായി ലെസോത്തോയെ തിരിച്ചടിച്ചത്. ഓരോ രാജ്യവുമായി യുഎസിനുള്ള വ്യാപാര കമ്മി കണക്കാക്കി ആ രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അളവ് കൊണ്ട് അതിനെ ഹരിച്ചാണ് നികുതി കണക്കാകിയത്. രണ്ടും തമ്മിലുള്ള അനുപാതത്തിന്റെ പകുതിക്ക് തുല്യമായ താരിഫ് ആണ് യുഎസ് മറ്റു രാജ്യങ്ങൾക്ക് നേരെ ചുമത്തുന്നത്. അതാണ് ലെസോത്തോ, മഡഗാസ്കർ പോലുള്ള ചെറിയ അളവിൽ യുഎസ് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വലിയ നികുതി ബാധ്യത വരാൻ കാരണം.
യുഎസിലേക്കുള്ള കയറ്റുമതി കരുത്ത്
ടെക്സ്റ്റൈൽ, ഡയമണ്ട് മൈനിങ്, വെള്ളത്തിന്‍റെ കയറ്റുമതി എന്നിവയാണ് ലെസോത്തോ സമ്പദ്‍വ്യവസ്ഥയുടെ കാതൽ. ലെവീസ്, റാങ്‌ലർ, ഗ്യാപ്, വാൾമാർട്ട് തുടങ്ങിയ പ്രമുഖ യുഎസ് റീട്ടെയിലർമാർക്ക് ജീന്‍സുകളുടെ വിതരണക്കാരാണ് ലെസോത്തോ. 2024 ലെ കണക്കനുസരിച്ച്, യുഎസുമായി ബന്ധപ്പെട്ട ഫാക്ടറികളിൽ ഏകദേശം 12,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ലെസോത്തോയുടെ ജിഡിപിയുടെ ഏകദേശം 20 ശതമാനം സംഭാവന ചെയ്യുന്നത് ടെക്സ്റ്റൈല്‍ രംഗമാണ്.
യുകെ ആസ്ഥാനമായ ജെം ഡയമണ്ടുമായി ചേർന്നാണ് ലെസേത്തോവിലെ ഡയമണ്ട് ഖനികൾ പ്രവർക്കിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള വജ്രങ്ങളിൽ ചിലത് ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. രാജ്യത്തിന്‍റെ വരുമാനത്തിന്‍റെയും വിദേശനാണ്യശേഖരത്തിന്‍റെയും പ്രധാന പങ്ക് ഇതുവഴി എത്തുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വെള്ളം കയറ്റുമതി ചെയ്യുന്നതാണ് മറ്റൊരു വരുമാനം.
മുടിയാന്‍ പോകുന്ന രാജ്യം
ദാരിദ്രം, രൂക്ഷമായ തൊഴിലില്ലായ്മ, എന്തിനും ഏതിനും ദക്ഷിണാഫ്രിക്കയോടുള്ള ആശ്രയത്വം എന്നിവയാണ് ലെസോത്തോയുടെ പ്രതിസന്ധികൾ. സമീപ വർഷങ്ങളിലാണ് ഡയമണ്ട് മൈനിങ്, വെള്ളത്തിന്‍റെ കയറ്റുമതി, ചികിൽസയ്ക്കുള്ള കഞ്ചാവ് കൃഷി എന്നിവ വഴിയാണ് രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ ഒന്ന് ശക്തിപ്പെട്ടത്. ഇപ്പോളും ദരിദ്ര രാജ്യങ്ങളിലൊന്നായ ഇവിടെ തൊഴിലില്ലായ്മ 25 ശതമാനമാണ് എന്നാണ് 2023 ലെ കണക്ക്. ഇതിനിടയിലാണ് ട്രംപിന്റെ നികുതി പ്രശ്നം.
ട്രംപിന്‍റെ നടപടി ലെസോത്തെ സമ്പദ്‍വ്യവസ്ഥയെ നശിപ്പിക്കുമെന്നാണ് ഓക്സ്ഫഡ് ഇക്കണോമിക്സിലെ ജാക്വിസ് നെൽ പറഞ്ഞത്.
ടെക്സ്റ്റൈൽ സെക്ടറിൽ 11 ഫാക്ടറികളാണ് രാജ്യത്തുള്ളത്. ഭൂരിഭാഗവും യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നവ. ഇവ 12000 പേർക്ക് തൊഴിൽ നൽകുന്നു. ഭൂരിഭാഗവും സ്ത്രീ തൊഴിലാളികള്‍. നിലവിൽ ഉൽപാദനം പൂർത്തിയായയുടെ കയറ്റുമതിക്ക് പോലും നികുതി ബാധിക്കുമെന്നും വ്യവസായ മന്ത്രി മൊഖേതി ഷെലീലെ പറയുന്നു.
ലോകത്തിലെ ഏറ്റവും ഉയർന്ന എച്ച്ഐവി/എയ്ഡ്സ് അണുബാധ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണിത്. ട്രംപ് ധനസഹായം വെട്ടികുറച്ചതോടെ ഇതും രാജ്യത്തിന് വലിയ ആഘാതമാകുമെന്ന് കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
അഗോവ അവസാനിക്കുന്നു?
2000 മുതൽ ആഫ്രിക്കൻ കയറ്റുമതികൾക്ക് ഡ്യൂട്ടി ഫ്രീ പ്രവേശനം അനുവദിച്ചിരുന്ന യുഎസ് നയമായ ആഫ്രിക്കൻ ഗ്രോത്ത് ആൻഡ് ഓപ്പർച്യുണിറ്റി ആക്ട് (അഗോവ) ഈ വർഷം സെപ്റ്റംബറോടെ അവസാനിക്കും. ഈ പദ്ധതിയുടെ വലിയൊരു ഗുണഭോക്താവാണ് ലെസോത്തോ. ട്രംപിന്റെ തീരുമാനം അഗോവയുടെ അവസാനമായും കണക്കാക്കുന്നുണ്ട്.